ഞാനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശത്രുതയില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറ

വത്തിക്കാന്‍ സിറ്റി: താനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശത്രുതയാണെന്ന മട്ടിലുള്ള വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. താന്‍ ഒരിക്കലും പാപ്പയെ എതിര്‍ത്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് പ്രിഫെക്ട് സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായി നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം.

വിശ്വസ്തനും വിധേയനും സത്യസുവിശേഷത്തിന്റെ വിനീത ദാസനുമാകാന്‍ താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ചില മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി താനും പാപ്പായും തമ്മില്‍ ശത്രുതയിലാണെന്ന അസംബന്ധം പറഞ്ഞുപരത്തി. ഞാനൊരിക്കലും പാപ്പയെ എതിര്‍ത്തിട്ടില്ല. നാഷനല്‍ കാത്തലിക് രജിസ്ട്രറിലാണ് അഭിമുഖത്തിന്റെ ഇംഗ്ലീഷ് രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 20 നാണ് കര്‍ദിനാള്‍ സാറയുടെ രാജി മാര്‍പാപ്പ സ്വീകരിച്ചത്. 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു രാജി. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് എന്നീ മൂന്നു മാര്‍പാപ്പമാരുടെ കൂടെ ശുശ്രൂഷ ചെയ്യാന്‍ അവസരം ലഭിച്ച വ്യക്തിയാണ് കര്‍ദിനാള്‍ സാറ.