അമ്മ സാക്ഷി, മകന്‍ വാഴ്ത്തപ്പെട്ടവനാകും കാര്‍ലോ അക്യൂട്ടിസിന്റെ നാമകരണ പ്രഖ്യാപനം ഇന്ന്

അസ്സീസി: കാര്‍ലോ അക്യൂട്ടിസിനെ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമ്പോള്‍ ആ സുന്ദരനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ അമ്മ അന്റോണിയോയും ഉണ്ടാകും. ചില അമ്മമാര്‍ക്ക് മാത്രം ലഭിക്കുന്ന അപൂര്‍വ്വഭാഗ്യമാണ് അന്റോണിയോയ്ക്കും ലഭിച്ചിരിക്കുന്നത്.

ഇന്ന് റോം സമയം വൈകുന്നേരം 4.30 ന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വച്ചാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടക്കുന്നത്. കര്‍ദിനാള്‍ അഗസ്തീനോ വല്ലീനിയാണ് മുഖ്യകാര്‍മ്മികന്‍. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ബെച്ചുവിനെയായിരുന്നു പ്രസ്തുത ചടങ്ങുകള്‍ക്ക് കാര്‍മ്മികനായി ആദ്യം നിയോഗിച്ചിരുന്നത്.

എന്നാല്‍ അദ്ദേഹം പദവിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ അഗസ്തീനോ പകരക്കാരനായിരിക്കുന്നത്. 1991 മെയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. 2006 ഒക്ടോബര്‍ 12 ന് ആ ജീവിതം സ്വര്‍ഗ്ഗീയസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.

ബ്രസീല്‍ സ്വദേശിയായ ഒരു കുട്ടിക്ക് ഉണ്ടായ അത്ഭുതകരമായ രോഗസൗഖ്യമാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണമായത്.