കൊച്ചി: സച്ചാര്‍, പാലോളി കമ്മീഷന് റിപ്പോര്‍ട്ടുകളില്‍ 80: 20 അനുപാതം ശുപാര്‍ശ ചെയ്തിരിക്കുന്നത് എവിടെയെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്ന മന്ത്രി ഡോ. കെ ടി ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നുംകത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി വിലയിരുത്തി.
വിവേചനവും അനീതിയും നിലനില്ക്കുന്നു എന്ന സീറോ മലബാര്‍ സഭ ഉള്‍പ്പടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെ പരാതി വ്യക്തമായ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇവിടുത്തെ ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ഇതര ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് സച്ചാര്‍, പാലോളി കമ്മീഷനുകള്‍. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനെ നിയമിച്ച സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും ഈ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഇതുവരെയും ആരംഭിക്കാത്തതു തികച്ചും അനുചിതമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.