ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരി മൂലം മൃതശരീരങ്ങൾ ദഹിപ്പിക്കുവാൻ നമ്മൾ നിർബന്ധിതരായിരിക്കുകയാണ് (കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൃതസംസ്കാരം പല സെമിത്തേരികളിലും അസാധ്യവുമാണ്). ഈ അവസരത്തിൽ വിശ്വാസികളുടെമൃതശരീരങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് കത്തോലിക്കാസഭയുടെ നിലപാട് വളരെ സംക്ഷിപ്തമായ വാക്കുകളിൽ ചുവടെ ചേർക്കുന്നു..
.1. മൃതശരീരങ്ങളുടെ ദഹിപ്പിക്കലിനേക്കാൾ മൃതസംസ്കാരം തന്നെയാണ് കത്തോലിക്ക സഭയുടെ കാനൻ നിയമം അഭിലഷിക്കുന്നത് (പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാനൻ – CCEO 876.3; പാശ്ചാത്യ സഭയ്ക്ക് വേണ്ടിയുള്ള കാനൻ – CIC 1176.3 )
2.എങ്കിലും കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പല തവണ മൃതശരീരങ്ങളുടെ ദഹിപ്പിക്കൽ അനുവദിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഉദാഹരണമായി ലോകമഹായുദ്ധങ്ങളുടെ കെടുതികളുടെ കാലത്തും, ലോകമാസകലം മഹാമാരികൾ ബാധിച്ചിരുന്ന കാലത്തും, മൃതശരീരങ്ങൾ മണ്ണിൽ മറവു ചെയ്യാൻ സാധിക്കാതിരുന്ന അവസരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്നത് അനുവദനീയം ആയിരുന്നു.
4. ഇപ്രകാരം മൃതദേഹങ്ങൾ ദഹിപ്പിക്കുകയാണെങ്കിൽ, ഭൗതിക അവശിഷ്ടങ്ങൾ വേണ്ടത്ര ബഹുമാനത്തോടെ മറവ് ചെയ്യണം എന്ന് 1963 ൽ മൃത സംസ്കാരത്തെക്കുറിച്ച് മാർപ്പാപ്പ പുറപ്പെടുവിച്ചിട്ടുള്ള ഡിക്രിയിൽ പഠിപ്പിക്കുന്നുണ്ട്.
5. പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാനൻ നമ്പർ 876 ന്റെ മൂന്നാം ഖണ്ഡികയിൽ, സത്യവിശ്വാസത്തിൽ ജീവിച്ചിരുന്ന തിരുസഭാ തനയരുടെ മൃതശരീരങ്ങൾ അവരുടെ അഭീഷ്ടപ്രകാരവും സഭാസമൂഹത്തിന് ഇടർച്ചയ്ക്ക് കാരണമാകാത്ത വിധവും, വേണ്ടത്ര ബഹുമാനത്തോടെയും ആദരവോടെയും ദഹിപ്പിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
2016 ഓഗസ്റ്റ് 15 ന് വിശ്വാസ തിരുസംഘം പുറത്തിറക്കിയ ഡിക്രിയിലും (ക്രിസ്തുവിലുള്ള ഉയിർപ്പ്) ഇക്കാര്യം അടിവരയിടുന്നുണ്ട്.6. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 2301ന്റെ രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു, “ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ (ഒരു വ്യക്തി) സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ മൃത ശരീരം ദഹിപ്പിക്കുന്നത് സഭ അനുവദിക്കുന്നു.”മർത്ത്യ ശരീരങ്ങളുടെ ഉയിർപ്പ് എന്ന വിശ്വാസ സത്യത്തിൽ ഉറച്ചു നിന്നു കൊണ്ടും മരിച്ചവരെ ഉയിർപ്പിക്കുന്ന ഉത്ഥിതനിൽ പരിപൂർണ്ണമായി ആശ്രയിച്ചു കൊണ്ടുംമഹാമാരികൾ പോലുള്ള നിർണായകഘട്ടത്തിൽ മൃത ശരീരം ദഹിപ്പിക്കുന്നത് കൊണ്ട് ദൈവശാസ്ത്ര പരമായ യാതൊരു പ്രശ്നവുമില്ല എന്നതാണ് പരിശുദ്ധ കത്തോലിക്കാ സഭയുടെ നിലപാട്.
ഇപ്രകാരം ദഹിപ്പിക്കപ്പെടുന്ന മൃത ശരീരത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ പൂജ്യതയോടെ കല്ലറയിൽ സംസ്കരിക്കുകയും ആവാം.