മുന്‍ യഹോവ സാക്ഷി കത്തോലിക്കാ വൈദികനാകാനൊരുങ്ങുന്നു

മിഗൂല്‍ മെന്‍ഡോസ എന്ന 25 കാരനായ മെക്‌സിക്കന്‍ അമേരിക്കക്കാരന്‍ കത്തോലിക്കാ വൈദികനാകാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍. അതില്‍ ഇപ്പോള്‍ എന്താണ് വിശേഷം എന്ന് സംശയിച്ചാല്‍ അതിനുളള മറുപടിയാണ് അദ്ദേഹം നേരത്തെ യഹോവസാക്ഷിയായിരുന്നു എന്നത്. കഴിഞ്ഞ ഫെബ്രുവരി 13 നാണ് അദ്ദേഹം മറ്റ് എട്ടു സെമിനാരിക്കാര്‍ക്കൊപ്പം ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

ഇനി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മിഗൂല്‍ വൈദികനാകും. കന്യാസ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു മിഗൂലിന്റെ അമ്മ. പക്ഷേ പിതാവിന്റെ നിര്‍ബന്ധബുദ്ധി അതിന് വിഘാതമായി. വൈകാതെ അമ്മ കത്തോലിക്കാ വിശ്വാസം പോലും ഉപേക്ഷിക്കുകയും യഹോവസാക്ഷിയായിത്തീരുകയും ചെയ്തു

.പതിനാറാം വയസുവരെ മിഗൂലും അമ്മയുടെ പാതയിലായിരുന്നു. പക്ഷേ പതിനാറാം വയസുമുതല്‍ കത്തോലിക്കാ വിശ്വാസപ്രമാണങ്ങള്‍ പഠിക്കാനുള്ള വിവേകം അവനു ലഭിച്ചു. കത്തോലിക്കാസഭ നല്ലതല്ല എന്ന് വിചാരിച്ചിരുന്ന ചിന്തകള്‍ മാറിത്തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുന്നവരാണ്, പാപ്പായെ ആരാധിക്കുന്നവരാണ് എന്നൊക്കെയായിരുന്നു ധാരണ. ആ ധാരണകളുടെ കാലത്താണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുവസ്ത്രങ്ങളണിഞ്ഞ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രം കണ്ടത്. ആ ചിത്രം മിഗൂലിന്റെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു.

ദൈവം എന്നെ പ്രത്യേകമായ ഒരു ദൗത്യത്തിലേക്ക് വിളിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം പറയുന്നു. മാമ്മോദീസാ സ്വീകരിക്കാനായിരുന്നു ആദ്യ തീരുമാനം. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെമിനാരിയിലേക്കുള്ള തീരുമാനമെടുത്തത്. മീഗുല്‍ മാത്രമായിരുന്നില്ല സഹോദരനും മാതാപിതാക്കളും എല്ലാം കത്തോലിക്കാസഭയിലേക്ക് വന്നു.

ഇപ്പോള്‍ ്അവരുടെ മുമ്പില്‍ ഒരു പ്രതീക്ഷയും പ്രാര്‍ത്ഥനയും മാത്രം. മീഗൂലിന്റെ നവപൂജാര്‍പ്പണം. ഒരു കത്തോലിക്കാ വൈദികനായി മീഗുല്‍ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്ന സുദിനത്തിനായി അവര്‍ കാത്തിരിക്കുകയാണ്.