കോവിഡ് കാലത്ത് യുവജനങ്ങള്‍ക്കായി കാത്തലിക് എഡ്യുക്കേഷനല്‍ യൂട്യൂബ് ചാനലുമായി ഒരു യുവവൈദികന്‍

ഫാ. ആല്‍ബെര്‍ട്ടോ റാവഗനാനി രണ്ടുവര്‍ഷം മുമ്പാണ് അഭിഷിക്തനായത്, 26 വയസ് മാത്രമേ അദ്ദേഹത്തിനുള്ളൂ. തന്റെ മിനിസ്ട്രി യുവജനങ്ങള്‍ക്കിടയിലാണെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. യുവജനങ്ങളുമായ അടുത്ത ബന്ധം പുലര്‍ത്തി പ്രവര്‍ത്തിച്ചുവരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കോവിഡ് പകര്‍ച്ചവ്യാധിയുടെ രംഗപ്രവേശം.

അച്ചന്‍ താമസിക്കുന്ന മിലാനില്‍ ഇതേറ്റവും വ്യാപകവുമായിരുന്നു. ലോക്ക് ഡൗണില്‍ മുങ്ങിപ്പോയ പ്രവര്‍ത്തനവും ജീവിതവും.പക്ഷേ മനസ്സ് മടുക്കാന്‍ അച്ചന്‍ തയ്യാറായില്ല. യുവജനങ്ങളുമായി എങ്ങനെ ബന്ധം സ്ഥാപിക്കാം, അവരെ എങ്ങനെ സുവിശേഷത്തിലേക്ക് നയിക്കും എന്ന അദ്ദേഹത്തിന്റെ ചിന്ത ചെന്നുനിന്നത് ഒരു കാത്തലിക് എഡ്യൂക്കേഷന്‍ യൂട്യൂബ് ചാനലിലാണ്. കത്തോലിക്കാ ആത്മീയതയെക്കുറിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പതിനായിരക്കണക്കിന് ഇറ്റാലിയന്‍ യുവജനങ്ങള്‍ ഇന്ന് ഈ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സാണ്. പരിശുദ്ധാത്മാവ് എന്താണ് ചെയ്യുന്നത്. ഈശോയുടെ കുരിശ് മരിക്കാനും ജീവന്‍ നല്കാനും തുടങ്ങിയ വീഡിയോകള്‍ ഇന്ന് വൈറലായി മാറിയിരിക്കുന്നു. 76000 ഫോളവേഴ്‌സുമുണ്ട് ചാനലിന്.

ഇതിനകം 33 വീഡിയോകള്‍ ചെയ്തുകഴിഞ്ഞു. എല്ലാം ഹിറ്റ്. ലോക്ക് ഡൗണ്‍ കാലത്തും സുവിശേഷത്തിന് മാത്രം മുടക്കം വരുത്തേണ്ട കാര്യമില്ലെന്ന് ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും തെളിയിച്ചിരിക്കുകയാണ് ഫാ. റാവാഗനാനി.