വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍ ഒന്നായിരിക്കുന്നത് വിശ്വാസം കൊണ്ടോ ധാര്‍മ്മികത കൊണ്ടോ മാത്രമല്ല പരിശുദ്ധാത്മാവ് കൊണ്ടുകൂടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്ത തിരുനാള്‍ ദിനമായ ഇന്ന് വിശുദ്ധ ബലി അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ. സഭയുടെ ഐക്യത്തിന്റെ രഹസ്യം വിശദീകരിക്കുകയായിരുന്നു പാപ്പ.
അപ്പസ്തോലന്മാര് വ്യത്യസ്ത ആശയങ്ങളുള്ളവരും സംവേദനക്ഷമതയുളളവരുമായിരുന്നു. എന്നാല്‍ ക്രിസ്തു ഒരിക്കലും അവരുടെ ഈ വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും നീക്കിക്കളഞ്ഞില്ല. പകരം അവിടുന്ന് അവരെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തു. എന്താണ് നമ്മെ ഐക്യപ്പെടുത്തിയിരിക്കുന്നത്? എന്താണ് നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം? നമ്മളെല്ലാം വ്യത്യസ്തരാണ്.
ഉദാഹരണത്തിന് വ്യത്യസ്ത അഭിപ്രായങ്ങളുള്ളവര്‍, തിരഞ്ഞെടുപ്പുള്ളവര്. വിഭജനത്തിന്റേതായ പല പ്രലോഭനങ്ങളും നമുക്കിടയില്‍ ഉണ്ടാകാറുമുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവ് നമ്മെ ഒന്നിപ്പിച്ചുനിര്ത്തുന്നു. പരിശുദ്ധാത്മാവിനെ ലഭിച്ചതോടെ ശ്ലീഹന്മാര് പെട്ടെന്ന് സുവിശേഷം പ്രസംഗിക്കുന്നവരായി. അവര്‍ കൃത്യമായ ഒരു നിര്‍ദ്ദേശത്തിന് വേണ്ടി പിന്നെ കാത്തുനിന്നില്ല. ക്രിസ്തുവിന്റെ പ്രബോധനങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്ക്കപ്പോഴേയ്ക്കും കഴിഞ്ഞിരുന്നു. അവര്‍ ഒട്ടും തയ്യാറെടുപ്പുകള്‍ നടത്തിയില്ല. എങ്കിലും അവര്‍ അവരുടെ ജീവിതങ്ങളെ ക്രമപ്പെടുത്തി. തങ്ങള്‍ സ്വീകരിച്ചതിനെ പകര്ന്നുനല്കാന് അവര്‍ ആഗ്രഹിച്ചു. ഇതാണ് സഭയുടെ ഐക്യത്തിന്റെ രഹസ്യം.
പരിശുദ്ധാത്മാവ് ഒരു ദാനമാണ്. സമ്മാനമാണ്. ആത്മരതിയില്‍ നിന്നും നിഷേധാത്മകതയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ പരിശുദ്ധാത്മാവിന് കഴിയും. പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ അമ്പതോളം വിശ്വാസികള്‍ പങ്കെടുത്തു.