അള്‍ത്താരയില്‍ നിന്നുള്ള ഖുറാന്‍ പ്രസംഗം വിവാദമായി, ഖേദം പ്രകടിപ്പിച്ച് രൂപതയും പ്രസംഗകനും

ചെല്ലാനം: അള്‍ത്താരയില്‍ നിന്നുള്ള വിവാദമായ ഖുറാന്‍ പ്രസംഗത്തെ തുടര്‍ന്ന് വിശ്വാസികളുടെ പ്രതിഷേധം കനത്തപ്പോള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രൂപതയും പ്രസംഗകര്‍ത്താവും. സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അള്‍ത്താരയില്‍ നടന്ന സംഭവമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

കോവിഡ് കാലത്തെ സേവനങ്ങളുടെ പേരില്‍ ചെല്ലാനം പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാഷിമിനെ ദേവാലയം ആദരിച്ചിരുന്നു. അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ മുഹമ്മദ് ഹാഷിം ഖുറാന്‍സൂക്തങ്ങളാണ് ഉദ്ധരിച്ചത്.

പരിപാവനമായ അള്‍ത്താരയില്‍ നിന്നുകൊണ്ടുള്ള ഖുറാന്‍ പ്രസംഗം വിശ്വാസികളെ വേദനിപ്പിച്ചു. തുടര്‍ന്നാണ് കൊച്ചിരൂപതയും മുഹമ്മദ് ഹാഷീമും സംഭവത്തില്‍ പരസ്യമായ ഖേദപ്രകടനം നടത്തിയത്.