ചൈന; ആറാമത്തെ ബിഷപ്പിനെ വാഴിച്ചു

ബെയ്ജിംങ്: ചൈനീസ് ഭരണകൂടത്തിന്റെ അനുവാദത്തോടെ ആറാമത്തെ മെത്രാനെ വാഴിച്ചു. വത്തിക്കാനും ചൈനയും തമ്മിലുള്ള മെത്രാന്‍ നിയമനകാര്യത്തിലുള്ള ഉടമ്പടിയെ തുടര്‍ന്നുള്ള ആറാമത്തെ മെത്രാഭിഷേകമാണ് കഴിഞ്ഞ ദിവസം നടന്നത്.

രണ്ടുവര്‍ഷം മുമ്പായിരുന്നു മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട വത്തിക്കാനും-ചൈനയും തമ്മിലുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചത്. ബിഷപ് ചിന്‍ യാഗ് കെയുടെ മെത്രാഭിഷേകമാണ് നടന്നത്. ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ചര്‍ച്ചും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. വൈദികരും കന്യാസ്ത്രീകളും ബിഷപ്പിന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

30 വൈദികരും 30 കന്യാസ്ത്രീകളും ഉള്‍പ്പടെ 150 പേര്‍ മാത്രമായിരുന്നു ചടങ്ങിലുണ്ടായിരുന്നത്. ബിഷപ് ചിന്‍ സ്റ്റേറ്റ് അനുകൂലിക്കുന്ന മെത്രാനാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മുന്‍ഗാമി ദിവംഗതനായ ബിഷപ് മാത്യുഹുവിനെ വത്തിക്കാനാണ് നിയമിച്ചത്.

2012 ല്‍ വളരെ രഹസ്യമായിട്ടായിരുന്നു മെത്രാഭിഷേകചടങ്ങുകള്‍. 2017 ല്‍ അദ്േദഹം ദിവംഗതനായതിനെ തുടര്‍ന്ന് ബിഷപ് ചിന്‍ രൂപതാധ്യക്ഷനായി തുടരുകയായിരുന്നു. എങ്കിലും പരസ്യമായ മെത്രാഭിഷേകചടങ്ങുകള്‍ നടന്നിരുന്നില്ല.