പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് എന്നതിനൊപ്പം പ്രവാചകന്മാരുടെ വാഗ്‌ധോരണി കൊണ്ട് കൂടി പ്രകമ്പനം കൊള്ളുന്ന ഒരു ആത്മീയഗ്രന്ഥമാണ് ബൈബിള്‍ .. പഴയനിയമത്തില്‍ തന്നെ എത്രയോ പ്രവാചകന്മാര്‍. പക്ഷേ വ്യക്തിപരമായി കൂടുതല്‍ ഇഷ്ടം തോന്നുന്നത് ആ പ്രവാചകനോടാണ്. നാഥാന്‍.
മറ്റെല്ലാ പ്രവാചകന്മാരെക്കാളും സത്യത്തോട് തുറവിയും സത്യം വിളിച്ചുപറയാനുള്ള ധൈര്യവും അയാള്‍ക്കായിരുന്നുവെന്നാണ് വ്യക്തിപരമായ നിരീക്ഷണം. ശ്രദ്ധിക്കണം വ്യക്തിപരമായ നിരീക്ഷണം എന്നാണ് പറയുന്നത്. ദൈവശാസ്ത്രപരമായ പഠനത്തിന്റെയോ താത്വികമായ അപഗ്രഥനത്തിന്റെയോ അടിസ്ഥാനത്തിലല്ല.
ദാവീദിന്റെ കന്നത്തരങ്ങളോട് എത്ര ധീരതയോടെയാണ് അയാള്‍ വിരല്‍ ചൂണ്ടുന്നത്. ആ മനുഷ്യന്‍ നീ തന്നെ.
എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍ എന്ന് ദൈവം സാക്ഷ്യപ്പെടുത്തിയവന്‍ അതുകേട്ട് അട്ടയെ പോലെ ചുരുണ്ടുപോകുന്ന കാഴ്ച ഒന്നാലോചിച്ചുനോക്കൂ.
ഒരാളുടെ തെറ്റിന് നേരെ അത്രത്തോളം ധീരതയോടെ,സത്യസന്ധതയോടെ വിരല്‍ ചൂണ്ടാന്‍ ഒരാള്‍ക്ക് കഴിയണമെങ്കില്‍ അയാളുടെ ഉള്ളില്‍ അത്രത്തോളം സത്യമുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ ക്രിസ്തീയ മാധ്യമപ്രവര്‍ത്തകന് അനുകരിക്കാവുന്ന ഏറ്റവും ഉത്തമമാതൃക നാഥാന്‍ ആണ്.
മറ്റൊരു മാതൃക സ്‌നാപകയോഹന്നാനാണ്.
അരുതുകള്‍ക്ക് ഓശാനപാടാത്തതുകൊണ്ടാണ് ഒരു വെള്ളിത്താലത്തില്‍ അയാള്‍ ഛേദിക്കപ്പെട്ട ശിരസായി മാറിയത്. പണ്ടത്തെ കഥയിലെ പോലെ രാജാവ് നഗ്നനാണെന്ന് തുറന്നുപറയുന്ന ഓരോ പ്രവാചകന്മാരുടെയും ശിരസുകള്‍ ഇതുപോലെ വെളളിത്താലങ്ങളില്‍ എഴുന്നെള്ളിക്കപ്പെടുകയോ അല്ലെങ്കില്‍ നിലത്തുവീണുരുളുകയോ ചെയ്യും. ചക്രവര്‍ത്തിയുടെ അവിഹിതബന്ധത്തിന് തിരുസഭയുടെ കൂദാശയുടെ പിന്‍ബലം കൊടുക്കാത്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തിയ വിശുദ്ധരൊക്കെയുണ്ടല്ലോ മറ്റ് ചില ഉദാഹരണങ്ങളായി.
സത്യമുള്ളവര്‍ക്കേ പ്രതികരിക്കാനാവൂ. സത്യത്തോട് ചായ് വും തുറവിയും ഉണ്ടെങ്കില്‍ മാത്രമേ അനീതി ഒരാളില്‍ വേദനയും രോഷവും ഉണര്‍ത്തു. തന്റെ സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ പ്രതികരിക്കാനുള്ള കരുത്തു കിട്ടൂ.
കണ്ടതിന് നേരെ, മനസ്സിലാക്കിയതിന് നേരെയാണ് ദാവീദ് ആക്രോശിക്കുന്നത്. സത്യത്തിന് സാക്ഷ്യമാകാനാണ് അയാള്‍ ശ്രമിക്കുന്നത്. ഒരുപക്ഷേ അയാള്‍ക്ക് ദാവീദിനെ പ്രീണിപ്പിക്കാന്‍ എന്തുമാത്രം സാധ്യതകളുണ്ടായിരുന്നു. അതുവഴി നേടിയെടുക്കാന്‍ എത്രയോ പദവികളും. എന്നിട്ടും അതെല്ലാം വേണ്ടെന്ന് വച്ച് അയാള്‍ പറയുന്നു. ആ മനുഷ്യന്‍ നീ തന്നെ.
ആ വാക്കില്‍ തകര്‍ന്നുവീഴുകയാണ് മഹാനായ ദാവീദ്. (പക്ഷേ ദാവീദിനെ സമ്മതിക്കണം. മറ്റേതെങ്കിലും ഒരു ഭരണാധികാരിയായിരുന്നുവെങ്കിലോ,നാഥാന്‍ ജീവനോടെ മടങ്ങിപ്പോകുമായിരുന്നോ. ഇല്ല വെറുതെയല്ല ദൈവത്തിന് ദാവീദ് പ്രിയപ്പെട്ടവനായത്. ഇടറിപ്പോയിട്ടും അയാളുടെ ഉളളില്‍ ആത്മാനുതാപത്തിന്റെ ഒരു അടുപ്പ് എരിയുന്നുണ്ട്. ആറിപ്പോയതിനെയെല്ലാം ചൂടുപിടിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. വേണ്ട അധികാരിയാവണ്ടാ എന്റെ തന്നെ കുറവുകള്‍ക്ക് നേരെ ഒരാള്‍ വിരല്‍ ചൂണ്ടുമ്പോള്‍ എനിക്കത് താങ്ങാനും തിരുത്താനും പറ്റുന്നുണ്ടോ എന്നു ഓരോരുത്തരും ചിന്തിച്ചാലും മതി).
അയാള്‍ക്ക് ആ നിമിഷം തന്റെ തെറ്റുകള്‍ മനസ്സിലാവുന്നു. അയാള്‍ തന്നെതന്നെ തിരുത്താന്‍ തയ്യാറാവുന്നു. അവിടെ പുതിയൊരു ദാവീദിന്റെ ജനനം കുറിക്കപ്പെടുകയാണ്. പിന്നെ അയാള്‍ പശ്ചാത്താപത്തിന്റെ ചാക്കുടുത്തും മാനസാന്തരത്തിന്റെ ചാരം പൂശിയും പുതിയൊരു വഴിയെ പോകുകയാണ്.ഇതാണ് സത്യത്തിന് സാക്ഷ്യം വഹിക്കുന്നവന്റെ വാക്കുകള്‍ ഏല്പിക്കുന്ന സ്വാധീന ശക്തി. ഇതാണ് ക്രിസ്തീയ മാധ്യമപ്രവര്‍ത്തകന്‍ മനസ്സിലാക്കേണ്ട സത്യവും.
അവന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ട്. അവന്‍ വിചാരിക്കുന്നതിലേറെ… അവന്‍ സത്യം പറയാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ്. പക്ഷേ അവന്‍ സത്യം പറയുന്നുണ്ടോ..സത്യം എഴുതുന്നുണ്ടോ. സത്യം പ്രഘോഷിക്കുന്നുണ്ടോ? ഒരു പക്ഷേ അവന്‍ അസത്യം പറയുന്നില്ലായിരിക്കാം. പക്ഷേ പല സത്യങ്ങളും അവന്‍ മറച്ചുവയ്ക്കുന്നുണ്ട്. കാരണം നഷ്ടപ്പെടാന്‍ അവന്് പലതുമുണ്ട്: നേടാനും.
സ്്‌നാപകനെക്കുറിച്ചു ഇത്തിരി കൂടി പറയാം. പ്രവാചകന്മാര്‍ എല്ലാം മറ്റുള്ളവരെ വളര്‍ത്തുന്നവര്‍ കൂടിയായിരുന്നു. സ്നാപകന്‍ പറയുന്നത് കേട്ടില്ലേ എന്നെക്കാള്‍ വലിയവന്‍ എനിക്ക് പിന്നാലെവരുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന്.
സ്വന്തം മഹത്വം തിരിച്ചറിയുന്ന പ്രവാചകന് മാത്രമേ മറ്റുള്ളവരെയും വളര്‍ത്താനാവൂ. പക്ഷേ ഇവിടെ നമ്മുടെയെല്ലാം വിചാരം പിന്നാലെ ഒരുവന്‍ വരുന്നതുകൊണ്ട് എന്റെ വലുപ്പം കുറയുമോയെന്നും എന്റെ പ്രവാചകത്വം നഷ്ടപ്പെടുമോയെന്നുമാണ്. എനിക്ക് ശേഷം ഭൂകമ്പം എന്ന് ഞാന്‍ വെറുതെ ധരിക്കുന്നു. ചുമ്മാ, ഇവിടെ ഓരോ പ്രവാചകനും അവന്റേതായ സ്‌പെയ്‌സുണ്ട്. അതവന്‍ നിര്‍വഹിക്കാതെ വരുമ്പോഴാണ് അവന് പകരക്കാരനായി ദൈവം മറ്റൊരാളെ അവിടെ പ്ലെയ്‌സ് ചെയ്യുന്നത്.
ഒരിടത്ത് എഴുതിയിട്ടുള്ള കാര്യം തന്നെയാണ്, ജോലി ചെയ്തിരുന്നതെല്ലാം ക്രിസ്തീയ മാധ്യമസ്ഥാപനങ്ങളിലായിരുന്നു ചെറുതും വലുതുമായിരുന്നു അവയോരോന്നും. പക്ഷേ അവയില്‍ എത്രയെണ്ണം ക്രിസ്തീയ പ്രവാചകത്വം ദൈവം അവയ്ക്ക് നല്കിയിരുന്നതിന്റെ നൂറു ശതമാനം എന്ന കണക്കില്‍ നിറവേറ്റിയിരുന്നു എന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ സംശയം തോന്നുന്നു. അവര്‍ മോശം ചെയ്തുവെന്നോ തെറ്റു ചെയ്‌തെന്നോ അല്ല വിവക്ഷ. മറിച്ച് അവ അവയുടെ പ്രവാചകദൗത്യത്തോട് എത്രകണ്ട് പ്രതിബദ്ധത പുലര്‍ത്തിയെന്നേയുള്ളൂ ചോദ്യം.
ഏതെങ്കിലും ഒരു ക്രൈസ്തവ മാധ്യമ സ്ഥാപനം തങ്ങളുടെ ലക്ഷ്യസാധ്യത്തിന് എന്നതിന് അപ്പുറം ഒരു അംഗത്തെ പ്രവാചകനായി മാറ്റാന്‍ തക്കരീതിയില്‍ വളര്‍ത്തിയിട്ടുണ്ടോ?
ക്രിസ്തീയ മാധ്യമപ്രവര്‍ത്തകന്‍ എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ ക്രിസ്തീയമാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതും പ്രസംഗിക്കുന്നതും മാത്രം എന്നാണ്. അത് ക്രിസ്തീയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായിരിക്കാം. പക്ഷേ അതിനപ്പുറമുള്ള ക്രിസ്തീയ മാധ്യമലോകമാണ് നമുക്ക് വേണ്ടത്.
കൃത്യമായി പറഞ്ഞാല്‍ നമുക്കിപ്പോള്‍ ആവശ്യം സെക്കുലര്‍ മാധ്യമരംഗത്ത് ക്രിസ്തീയ മൂല്യങ്ങള്‍ പകര്‍ന്നുനല്കാന്‍ കഴിവുള്ളവരെയാണ്. കാരണം അത്രമാത്രം സെക്കുലര്‍ ലോകം ക്രൈസ്തവ മൂല്യങ്ങളെ നിഷ്‌ക്കാസനം ചെയ്തുകഴിഞ്ഞിരിക്കുന്നു. അത്തരമൊരു മണ്ഡലത്തില്‍ കറപുരളാത്തതും മൂല്യങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കുന്നവരുമായ വ്യക്തികള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്.
ഇനി ക്രിസ്തുവിന്റെ പ്രവാചകത്വത്തെക്കുറിച്ച് ചിന്തിക്കാം. ക്രിസ്തുവിനെ ദൈവപുത്രനായി കണക്കാക്കാന്‍ മനസ്സില്ലാത്തവര്‍ പോലും ക്രിസ്തുവിനെ പ്രവാചകനായി ഗണിക്കുന്നുണ്ട്. ഒരു പ്രവാചകന് തീര്‍ച്ചയായും അനുകമ്പയും ദരിദ്രരോടുള്ള പക്ഷം ചേരലുമുണ്ടായിരിക്കണം. പാവങ്ങളുടെ കണ്ണീര് കാണാനുള്ള മനസ്സ്. അവരെ സഹായിക്കാനുള്ള സന്നദ്ധത. പ്രസംഗിച്ചുകഴിഞ്ഞ ക്രിസ്തു അയ്യായിരത്തെ തീറ്റിപ്പോറ്റിയാണ് തിരികെ അയച്ചത്. സഹായം തേടിയ ആരെയും അവന്‍ നിരാശനായി മടക്കി അയച്ചില്ല. കരുണകൊണ്ടും സ്‌നേഹം കൊണ്ടും തുറവികൊണ്ടും ലോകത്തെ രണ്ടായി കീറിമുറിച്ചു അവന്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി. അതുപോലെ ക്രിസ്തു പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും മാത്രമല്ല പ്രതികരിക്കുകയും ചെയ്തു ജെറുസലേം ദേവാലയത്തിന്റെ ശൂദ്ധീകരണ പ്രക്രിയ മാത്രമല്ല തന്നെ അന്യായമായി അടിച്ചവനോട് എന്നെ എന്തിന് അടിച്ചുവെന്ന് ചോദിക്കുകയും ചെയ്തു.
ക്രിസ്തീയമാധ്യമപ്രവര്‍ത്തകരും ഇങ്ങനെതന്നെയായിരിക്കണം. പ്രതികരിക്കാനുള്ള അവസരങ്ങളില്‍ നിന്ന് മുഖപ്രീണനം കണക്കിലെടുത്ത് ഒഴിഞ്ഞുമാറരുത്. സ്‌നേഹവും സഹായവും അനുകമ്പയും വിതരണം ചെയ്യേണ്ട ഇടങ്ങളില്‍ നി്ന്ന് അവന്‍ ഒഴിഞ്ഞുമാറരുത്.
കവികള്‍ കവിഞ്ഞുകാണുന്നുണ്ട് എന്നാണല്ലോ വിശ്വാസം. മാധ്യമപ്രവര്‍ത്തകരും കവിഞ്ഞു കാണുന്നവരായിരിക്കണം. അപ്പോള്‍ മാത്രമേ അവരില്‍ നിന്ന് ഈ ലോകത്തിന് നന്മയുണ്ടാവുകയുള്ളൂ.
ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും( യോഹ:21:24) എന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. യോഹന്നാന്‍ കണ്ടതാണ് സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ കണ്ടതു മുഴുവന്‍ യോഹന്നാന്‍ പകര്‍ത്തിയതുമില്ല. കാരണം അത് മുഴുവന്‍ എഴുതിയാല്‍ ഒരുപാട് നീണ്ടുപോകുമെന്ന് യോഹന്നാനറിയാമായിരുന്നു.
അതുപോലെ മാധ്യമപ്രവര്‍ത്തകര്‍ കണ്ട്ത് മുഴുവന്‍ എഴുതുകയോ റിപ്പോര്‍്ട്ട് ചെയ്യുകയോ വേണ്ടതില്ല. പക്ഷേ പ്രവാചകത്വമുള്ളവ എഴുതണം,എഴുത്ത് പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ്. പക്ഷേ എല്ലാ എഴുത്തുകാരും പ്രവാചകന്മാരാകുന്നില്ല. കാരണം കാലത്തെ അതിശയിപ്പിക്കുന്ന യാതൊന്നും അതിലുണ്ടായിരുന്നില്ല.
ചൂതാട്ടങ്ങളുടെ കളിക്കളത്തില്‍ ഉന്മത്തനായെങ്കിലും ദെസ്തയോവ്്‌സ്‌ക്കിയും ഭ്രാന്തമായ കല്പനകളില്‍ അലഞ്ഞുതിരിഞ്ഞുവെങ്കിലും വിക്ടര്‍ യൂഗോയും ശിഥിലമായ ദാമ്പത്യബന്ധത്തിന്റെ വിങ്ങലുമായി നീറിപ്പുകഞ്ഞവനെങ്കിലും ടോള്‍സ്‌റ്റോയിയും എഴുത്തിന്റെ പ്രവാചകന്മാരായിരുന്നു. ക്രിസ്തീയ ദര്‍ശനങ്ങളുടെ മാധ്യമ വിചാരിപ്പുകാരായിരുന്നു.
നിങ്ങളുടെ കാലത്തിന് ശേഷവും നിങ്ങളുടെ എഴുത്ത് ഈ ലോകത്തെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ഒരാളുടെയെങ്കിലും ജീവിതത്തിന് അര്‍ത്ഥവും ആഴവും നല്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മതാതീതമായ പ്രവാചകനായിത്തീരുകയാണ് ചെയ്യുന്നത്. അതിന് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് സത്യത്തോടു തുറവിയും ദരിദ്രനോട് പക്ഷം ചേരാനുള്ള മനസ്സും അധികാരങ്ങളോട് അകന്നുനില്ക്കാനുള്ള ധൈര്യവും ബലഹീനതയിലും ദൗര്‍ബല്യങ്ങളിലും ആത്മീയതയുടെ നിറവും കാത്തൂസൂക്ഷിക്കുന്നവനാകുക എന്നതാണ്.
അപ്പോള്‍ ലോകം നിങ്ങളെ നോക്കി നാളെ പറയും ഈ വരികളില്‍ പ്രവാചകത്വമുണ്ട്. അയാളൊരു പ്രവാചകനായിരുന്നു.
വിനായക് നിര്‍മ്മല്‍