സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷപ്രശ്‌നം; ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ. ബി കോശി കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാമ്പത്തികം,ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായിട്ടാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും സംബന്ധിച്ച കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണനാവിഷയമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക മേഖലയില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചും അവര്‍ നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ചുമുളള കാര്യങ്ങളും കൂടുതല്‍ കരുതല്‍ ആവശ്യമായിട്ടുള്ള വിഭാഗങ്ങള്‍, സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തിരമായി എന്തു ചെയ്യാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുന്നത്.