ദൈവപുത്രന്‍ എന്തുകൊണ്ടാണ് പുല്‍ക്കൂട്ടിലെ ദാരിദ്ര്യത്തില്‍ വന്നു പിറന്നത്? ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സന്ദേശത്തില്‍ പാപ്പ ചോദിച്ച ഒരു ചോദ്യമാണ് ഇത്. എന്തുകൊണ്ടാണ് മാന്യമായ താമസസൗകര്യമില്ലാതെ, ഇരുട്ടില്‍ ദൈവപുത്രന്‍ വന്നുപിറന്നത്.? ദാരിദ്ര്യത്തിലും തിരസ്‌ക്കരണത്തിലും വന്നു പിറന്നത്? ലോകത്തിലെ എല്ലാ രാജാക്കന്മാരെക്കാളും മഹത്തായ സ്ഥലത്ത് ജനിച്ചുവീഴാന്‍ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് കാലിത്തൊഴുത്ത് തിരഞ്ഞെടുത്തത്? എന്തുകൊണ്ടാണ് അത്?
മനുഷ്യാവസ്ഥയോടുള്ള ദൈവത്തിന്റെ അപരിമേയമായ സ്‌നേഹം മനസ്സിലാക്കാനാണ് ഇത്. അസ്പൃശ്യനായി ക്രിസ്തു പിറന്നത് സമാനമായ സാഹചര്യത്തില്‍ ജനിച്ചുവീഴുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ പുത്രനാണ് എന്ന് നമ്മോട് പറയാനാണ്. ഈ ലോകത്തിലെ ഒരു കുഞ്ഞിനെപോലെ അവന്‍ വന്നുപിറന്നത് നാം നമ്മുടെ ബലഹീനത അംഗീകരിക്കുകയും സ്‌നേഹത്തോടെ സ്വീകരിക്കണമെന്നും പറയാന്‍ വേണ്ടിയാണ്. നമ്മുടെ രക്ഷ ഒരു പുല്‍ക്കൂടിലാണ് കടന്നുവന്നത്. നാം അതുകൊണ്ട് ദാരിദ്ര്യത്തെ പേടിക്കരുത്. നമ്മുടെ ദാരിദ്ര്യത്തിലൂടെയും ദൈവത്തിന് അതിശയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. പുല്‍ക്കൂട് ഭൗതികമായി ദാരിദ്ര്യത്തിലായിരുന്നു. പക്ഷേ സ്‌നേഹത്താല്‍ സമ്പന്നമായിരുന്നു അവിടം. ക്രിസ്തുവിന്റെ ്‌സ്‌നേഹം മാത്രമേ നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയുള്ളൂ. ആ പുല്‍ക്കൂട് നമ്മെ നിരന്തരമായ പരാതിപറച്ചിലില്‍ നിന്നും കോപത്തില്‍ നിന്നും നിരാശയില്‍ നിന്നും സ്വതന്ത്രമാക്കുന്നു. പാപ്പ പറഞ്ഞു.
ഇറ്റലിയിലെ കര്‍ഫ്യൂ പ്രമാണിച്ച് പതിവില്‍ നിന്ന് വ്യത്യസ്തമായി നേരത്തെയായിരുന്നു വത്തിക്കാനിലെ പാതിരാകുര്‍ബാന.