വാഷിംങ്ടണ്‍: രാജ്യമുടനീളം ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേവാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് യുഎസ് മെത്രാന്മാര് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഞങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ തകര്‍ക്കപ്പെട്ടു. വിശ്വാസികള്‍ കൊല്ലപ്പെട്ടു. ആരാധനാകര്മ്മങ്ങള്ക്കായി ഒരുമിച്ചുകൂടുമ്പോള്‍ അവരുടെ മനസ്സില്‍ നിന്ന് ഭയം ഒഴിഞ്ഞുപോകണം. മിയാമി ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്ക്കി പ്രസ്താവനയില്‍ പറഞ്ഞു. യഹൂദ, മുസ്ലീം സിക്ക് മതനേതാക്കളും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
വിവിധ മതസമൂഹങ്ങള്‍ക്ക് നേരെ മതതീവ്രവാദവും ആക്രമണവും വര്‍ദ്ധിച്ചുവരുന്നതായും പ്രസ്താവനയില്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആക്രമണപരമ്പരയില്‍ ക്രൈസ്തവദേവാലയങ്ങളാണ് കൂടുതലായും വിധേയമാകുന്നത്. ന്യൂയോര്‍ക്ക്. ടെക്സാസ് തുടങ്ങിയ ഇടങ്ങളില്‍ ദേവാലയങ്ങള്‍ ആക്രമിക്കുകയും വിശുദ്ധരൂപങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.