വത്തിക്കാന്‍ ഹോസ്പിറ്റലില്‍ വച്ച് ആ സഹോദരിമാര്‍ വേര്‍പിരിഞ്ഞു, എന്നേയ്ക്കുമായി..

വത്തിക്കാന്‍ സിറ്റി: ഇന്നലെ വരെ അവര്‍ ഒരുമിച്ചായിരുന്നു. എന്നാല്‍ ഇനിമുതല്‍ അവര്‍ രണ്ടായിരിക്കുന്നു. ഒന്നായ നിന്നവരെ രണ്ടായി പിരിച്ചതിന്റെസന്തോഷത്തിലാണ് മെഡിക്കല്‍ ലോകം. സംഗതി മറ്റൊന്നുമല്ല തലയോട്ടി ഒരുമിച്ചുചേര്‍ന്ന അവസ്ഥയില്‍ കഴിഞ്ഞിരുന്ന എര്‍വിന, പ്രെഫിന എന്നീ സഹോദരിമാരെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ ലോകം വേര്‍പെടുത്തിയത്.

മുപ്പത് വിദഗ്ദരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 18 മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഈ രണ്ടുവയസുകാരികളെ പരസ്പരം വേര്‍പെടുത്തിയത്. പാപ്പായുടെ ആശുപത്രി എന്ന പേരില്‍ അറിയപ്പെടുന്ന ബാംബിനോ ജേസു പീഡിയാട്രിക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഓപ്പറേഷന്‍.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ളവരാണ് ഈ പെണ്‍കുരുന്നുകള്‍. രണ്ടുപേരും സാധാരണ ജീവിതത്തിലേക്ക് വൈകാതെ തിരികെ വരുമെന്നാണ് ആശുപത്രിവൃന്ദങ്ങള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്‍ഫെക്ഷനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും പറയുന്നു. സ്‌പെഷ്യല്‍ ഹെല്‍മെറ്റുമായിട്ടാണ് ഇരുവരും കഴിയുന്നത്. ജൂണ്‍ അഞ്ചിനാണ് ഓപ്പറേഷന്‍ നടന്നത്. വാര്‍ത്ത പുറത്തുവന്നത് ഇപ്പോഴാണെന്ന് മാത്രം.
ജൂണ്‍ 29 നായിരുന്നു കുഞ്ഞുങ്ങളുടെ പിറന്നാള്‍.