എണ്‍പത്തിയഞ്ച് വയസുള്ള അമ്മ ഇപ്പോള്‍ കൂടുതലും പഴയകാലത്തിന്റെ ഓര്‍മ്മകളിലാണ് ജീവിക്കുന്നത്. കഴിഞ്ഞൊരു ദിവസം അമ്മ പെട്ടെന്ന് തന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ പറഞ്ഞുതുടങ്ങി. അതില്‍ അമ്മയുടെ അപ്പനമ്മമാരും ഏക സഹോദരനും അഞ്ച് സഹോദരിമാരും കടന്നുവന്നു.
ഇതിനകം പല തവണ കേട്ടിട്ടുള്ള കഥയായിരുന്നു അതെങ്കിലും ബൈബിളിലെ ധൂര്‍ത്തപുത്രന്റെ വചനഭാഗത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുനോക്കുമ്പോള്‍ ആ സംഭവങ്ങള്‍ക്ക് മറ്റൊരുവിധത്തില്‍ പ്രസക്തിയുണ്ടെന്ന് തോന്നിയതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ അത് പകര്‍ത്തട്ടെ.
അമ്മ പറഞ്ഞ കഥ
അപ്പനമ്മമാര്‍ ഏറെ കാത്തിരുന്നും പ്രാര്‍ത്ഥിച്ചും കിട്ടിയതായിരുന്നു അമ്മയ്ക്കുള്ള ഏകസഹോദരനെ. അതുകൊണ്ടുതന്നെ അഞ്ചാറ് പെങ്ങന്മാര്‍ക്കിടയില്‍ എന്റെ അമ്മാവന്‍ ഒരു രാജകുമാരനെപോലെയാണ് വളര്‍ന്നുവന്നതും. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ആ കാലഘട്ടത്തില്‍ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ കാണാതെയായി. അപ്പോഴേയ്ക്കും അദ്ദേഹം വിവാഹിതനുമായിക്കഴിഞ്ഞിരുന്നു. എവിടെ പോയി അന്വേഷിക്കും, ആരോടു ചോദിക്കും എന്ന് അറിയാതെ മാതാപിതാക്കള്‍ കണ്ണീരോടെ കാത്തിരുന്ന അനേകം രാപ്പകലുകള്‍.
അത്തരമൊരു ദിവസം മാതാപിതാക്കളെ തേടി മകന്റെ കത്തു വന്നു. താന്‍ പട്ടാളത്തില്‍ ചേര്‍ന്നിരിക്കുന്നു. പട്ടാളമാണെങ്കിലും മകന്റെ കാര്യത്തില്‍ ഒരു വ്യക്തത വന്നതില്‍ മാതാപിതാക്കള്‍ സന്തോഷിച്ചു. എങ്കിലും മകന്‍ പട്ടാളത്തില്‍ നിന്ന് തിരികെ വരാന്‍ വേണ്ടി അവര്‍ കാത്തിരുന്നു.
തിരിച്ചെത്തിയ പട്ടാളക്കാരന്‍
യുദ്ധം അവസാനിച്ചോ അതറിയില്ല എന്തായാലും അമ്മാവന്‍ തിരികെ വന്നു. വീട്ടില്‍ അപ്പനമ്മമാര്‍ക്ക് സന്തോഷത്തിന്റെ പെരുമഴ. പക്ഷേ ആ സന്തോഷം അധികം ദിവസം നീണ്ടുനിന്നില്ല. അമ്മായിയുടെ കൈയ്ക്ക് പിടിച്ച് ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ സന്തോഷവും ആനന്ദവും അറിയാന്‍ അമ്മാവന്‍ പടിയിറങ്ങിപോയി. വല്യപ്പച്ചനും വല്യമ്മച്ചിയും അത് കണ്ണീരോടെ നോക്കി നിന്നു. ആറ്റുനോറ്റുണ്ടായ മകന്‍. അപ്പനെയും അമ്മയെയും ഇളയസഹോദരിമാരെയും ഉപേക്ഷിച്ച് പടിയിറങ്ങിപ്പോയപ്പോഴുണ്ടായ സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും?
എന്തായാലും വൈകാതെ വല്യമ്മച്ചി രോഗിണിയായി..കിടപ്പുരോഗിയുമായി. മകനെ കാണാനുള്ള തന്റെ ആഗ്രഹം അറിയിച്ചുകൊണ്ട് ആ അമ്മ പലരെയും പലതവണ അയാളുടെ അടുക്കലേക്ക് പറഞ്ഞയച്ചു. പക്ഷേ ഒരിക്കല്‍ പോലും അമ്മാവന്‍ തന്റെ അമ്മയെ കാണാനെത്തിയില്ല. അത്രയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നുവത്രെ അമ്മായിയുടെ തലയണമന്ത്രങ്ങള്‍ക്ക്.
പ്രയോജനരഹിതമായ മടങ്ങിവരവ്
ഒടുവില്‍ അമ്മാവന്‍ എത്തി, വല്യമ്മച്ചി ഊര്‍ദ്ധന്‍ വലിച്ചുകിടക്കുന്ന നേരം. ബോധം നഷ്ടപ്പെട്ടു, മരണം മഞ്ചലുമായി പടിവാതില്ക്കല്‍ എത്തിക്കഴിഞ്ഞ നേരം. . അമ്മേയെന്ന് അയാള്‍ വിളിച്ചു. പക്ഷേ ആ അമ്മയ്ക്ക് മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്പസമയത്തിനുള്ളില്‍ അമ്മ കണ്ണടയ്ക്കുകയും ചെയ്തു.
ആര്‍ക്കുവേണ്ടി വന്നുവോ, ആരെ കാണാന്‍ വന്നുവോ അത് ആ വ്യക്തി മാത്രം അറിയാതെ പോയി.. അതുകൊണ്ട് അമ്മാവന്റെ മടങ്ങിവരവിനെ നിഷപ്രയോജനകരമായ മടങ്ങിവരവായി വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
ബൈബിളിലെ ധൂര്‍ത്തപുത്രന്റെ വര്‍ത്തമാനകാലപ്രസക്തി
ധൂര്‍ത്തപുത്രനെ നമുക്ക് നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ വിവിധ തലങ്ങളിലും വിവിധ രീതിയിലും വ്യാഖ്യാനിക്കാന്‍ കഴിയും. ധൂര്‍ത്തപുത്രന്മാര്‍ മാത്രമല്ല ധൂര്‍ത്തപുത്രിമാരും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെചില പെണ്‍മക്കളൊക്കെ ഇന്നലെ വരെകൂടെയുണ്ടായിരുന്ന തന്റെ പ്രിയപ്പെട്ടവരുടെയെല്ലാം സ്‌നേഹത്തെ അവഗണിച്ചും നിസ്സാരവല്ക്കരിച്ചും ഇന്നുകണ്ട ഒരുവന്റെ കൈപിടിച്ച് ഇറങ്ങിപ്പോകുന്നത് ധൂര്‍ത്തപുത്രന്റേതിന് സമാനമായ പടിയിറങ്ങല്‍ തന്നെയാണ്. വിവാഹം നടത്താന്‍ വേണ്ടി അപ്പന്‍ വിയര്‍പ്പൊഴുക്കി സ്വരൂക്കൂട്ടിവച്ചിരുന്ന പണവും പണ്ടവുമെടുത്ത് രായ്ക്ക് രാമാനം കടന്നുകളയുന്ന ഈ പെണ്‍മക്കള്‍ ധൂര്‍ത്തപുത്രന്റെ സഹോദരിമാര്‍ തന്നെയാണ്.
എന്റെ അമ്മാവന്‍ ഒരു ധൂര്‍ത്തപുത്രന്‍ തന്നെയായിരുന്നു. അദ്ദേഹം തന്റെ പിതൃസ്‌നേഹം തിരിച്ചറിഞ്ഞില്ല..അതയാള്‍ അവഗണിച്ചുകളഞ്ഞു. ഭാര്യയുടെ മൃദുമന്ത്രണം കേട്ട് വൃദ്ധരായ മാതാപിതാക്കളെ പരിഗണിക്കാതെയും ശുശ്രൂഷിക്കാതെയും ഒറ്റയ്ക്കുള്ള താമസത്തിനായി പുറപ്പെടുന്ന പ്രിയപ്പെട്ട ആണ്‍മക്കളും ധൂര്‍ത്തപുത്രന്മാര്‍ തന്നെയാണ്.
തിരിച്ചറിയാതെ പോകുന്ന വിലകള്‍
എല്ലാത്തരം ബന്ധങ്ങളിലും ധൂര്‍ത്തപുത്രന്‍ നിഴല്‍ വിരിച്ചുകിടക്കുന്നുണ്ട്.തനിക്ക് കിട്ടിയതിനെ അയാള്‍ വകവച്ചില്ല എന്നതാണ് അയാള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് എനിക്ക് തോന്നുന്നു. അയാള്‍ക്കൊരു വീടുണ്ടായിരുന്നു..അയാള്‍ക്ക് ചുറ്റിനും സ്‌നേഹിക്കാനറിയാവുന്നവരുണ്ടായിരുന്നു.പക്ഷേ അതൊന്നും അയാള്‍ക്ക് മനസ്സിലായില്ല.. അയാളതിനൊന്നും വില കല്പിച്ചില്ല.
ദാമ്പത്യബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും എല്ലാം ഇത് ബാധകമാണ്. കിട്ടുന്നതിനെ മനസ്സിലാക്കാതെ, കൂടെയുള്ളതിനെ തിരിച്ചറിയാതെ പുറമേയ്ക്കുള്ള മറ്റൊന്നിനെ അന്വേഷിച്ചുപോകുന്ന എല്ലാവരും ഓരോ ധൂര്‍ത്തപുത്രന്മാരാണ്. ഒരുമിച്ചുണ്ടായിരിക്കുമ്പോള്‍ നാം പലരുടെയും സ്‌നേഹത്തിന്റെ വില അറിയുന്നില്ല. അതിന് നാം മൂല്യം കല്പിക്കുന്നുമില്ല. അകന്നുപോയിക്കഴിയുമ്പോള്‍, പിന്‍വിളിക്ക് പോലും സാധ്യതയില്ലാതെ തിരിഞ്ഞകന്നുപോയിക്കഴിയുമ്പോള്‍..അപ്പോള്‍ മാത്രം നാം നഷ്ടബോധത്തോടെ ഓര്‍മ്മിക്കും നഷ്ടപ്പെടുത്തിയതിന്റെ മാധുര്യം..
രോഗിയായി കിടപ്പിലായിരുന്നിട്ടും ഭര്‍ത്താവ് പെട്ടെന്നൊരു ദിവസം മരിച്ചുപോയിക്കഴിഞ്ഞപ്പോള്‍ അമ്പതുവയസിലധികം അന്ന് പ്രായമുണ്ടായിരുന്ന ഒരു ഭാര്യ എന്നോട് സങ്കടപ്പെട്ടത് ഞാന്‍ മറന്നിട്ടില്ല, സ്‌നേഹിക്കാമായിരുന്നു കുറച്ചുകൂടി..ഓഫീസിലെയും മറ്റ് തിരക്കുകള്‍ക്കിടയില്‍ ഇഷ്ടത്തിന് നല്ലൊരു ഭക്ഷണം പോലും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത് പലരുടെയും കുറ്റബോധമാണ്.
സ്‌നേഹിക്കാനും കൊടുക്കാനും പരിഗണിക്കാനും നമുക്ക് ഇ്ന്നുകള്‍ മാത്രമേയുള്ളൂ, നാളെകളില്ല.
തിരിച്ചറിവുകള്‍ പ്രധാനം
എല്ലാ വിധ അവകാശങ്ങളില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും യാത്രപറഞ്ഞുപോയ ആ ധൂര്‍ത്തപുത്രന്‍ വൈകിമാത്രം ചില തിരിച്ചറിവുകളില്‍ പ്രകാശിക്കുന്നുണ്ട്. അതാണ് അയാള്‍ക്ക് വീട്ടിലേക്കുള്ള വഴി തെളിയിച്ചുകൊടുക്കുന്നത്. എനിക്കൊരു വീടുണ്ട് എന്നും കാത്തിരിക്കാന്‍ ഒരു അപ്പനുണ്ടെന്നും അയാള്‍ മനസ്സിലാക്കുന്നു. ബോധ്യങ്ങള്‍ ആഴപ്പെട്ടതാകുമ്പോള്‍ അതിന് മുമ്പില്‍ അപകര്‍ഷത അനുഭവപ്പെടുന്നില്ല.
ഏത് അവസ്ഥയിലും എന്നെ സ്വീകരിക്കാനും സ്‌നേഹിക്കാനും ആരോ ഒരാള്‍ ഉണ്ട് എന്ന് മനസ്സിലാകുമ്പോള്‍ നമുക്ക് തിരികെ പോകാതിരിക്കാനുമാവില്ല. പക്ഷേ അത്തരമൊരു മടങ്ങിപ്പോകലിന് തിരിച്ചറിവുണ്ടായിരിക്കണം. താന്‍ ആരാണെന്ന് മാത്രമല്ല തനിക്കെന്തെല്ലാം ഉണ്ടായിരുന്നുവെന്നും എന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്നുമുള്ള തിരിച്ചറിവ്.
ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുക
കാരണങ്ങള്‍ പലതാകാം, പക്ഷേ ബന്ധങ്ങള്‍ അകന്നുപോയിട്ടുണ്ടെങ്കില്‍, ഇടര്‍ച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വിളക്കിച്ചേര്‍ക്കാന്‍ നാം ഇനിയും വൈകരുത്.ആദി സ്‌നേഹത്തിന്റെ പഴയ വഴിയിലേക്ക് മടങ്ങിപ്പോകാന്‍ മടിവിചാരിക്കയുമരുത്.. മനുഷ്യരോടുള്ള ബന്ധങ്ങളില്‍ മാത്രമല്ല ദൈവത്തോടുള്ള ബന്ധത്തിലും ഇത് പ്രധാനമാണ്.
കാരണം നാം പാപപ്രകൃതിയുള്ള മനുഷ്യര്‍. ദൈവത്തോടൊത്ത് ആയിരിക്കുന്നതിലേറെ നാം പലപ്പോഴും തിന്മയ്‌ക്കൊപ്പമായിരിക്കും സഞ്ചരിക്കുന്നത്.അത്തരം ആഗ്രഹങ്ങളെയാകും നാം കൂടൂകൂട്ടാന്‍ അനുവദിക്കുന്നതും.പക്ഷേ അപ്പോഴും തിരിച്ചറിവുകള്‍ ലഭിക്കുമ്പോള്‍ ദൈവത്തിലേക്ക് തിരിയാന്‍ മടിവിചാരിക്കരുത്.
ധൂര്‍ത്തപുത്രന്റെ കുമ്പസാരം
ഏറ്റവും സത്യസന്ധമായ കുമ്പസാരമായിരുന്നു അത്. ഞാന്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമെതിരായി പാപം ചെയ്തുപോയി.. ദൈവത്തോടും മനുഷ്യരോടും നാം ചെയ്തുകൂട്ടുന്ന പാപങ്ങളെ പ്രതിയുള്ള മനസ്താപംതന്നെയാണ് ധൂര്‍ത്തപുത്രന്റെ വാക്കുകളിലുള്ളത്. ധൂര്‍ത്തപുത്രന്‍ നമ്മുടെ മുന്നിലുള്ള വലിയൊരു സാധ്യതയാണ്.
തിരികെചെല്ലാന്‍ നമുക്കൊരുവീടുണ്ടെന്നും കാത്തിരിക്കാന്‍ ചിലരുമുണ്ടെന്ന് അത് നമുക്ക് പറഞ്ഞുതരുന്നു. എന്തൊക്കെ ധൂര്‍ത്തടിച്ചാലും തിരികെ വരാന്‍ മടിക്കരുത്..മറക്കരുത്. അത് ആരുമായിക്കൊള്ളട്ടെ..ഇപ്പോള്‍ മടങ്ങുക, നാളത്തേയേക്ക് ആ മടങ്ങിവരവിനെ നീട്ടിക്കൊണ്ടുപോകരുത്.ഒരു പക്ഷേ നാളെ ആ മടങ്ങിവരവിന് പ്രയോജനം കിട്ടിയില്ലെങ്കിലോ..എന്‍റെ അമ്മാവന് സംഭവിച്ചതുപോലെ..
എന്റെ സ്‌നേഹവും എന്റെ സൗഹൃദവും നിനക്ക് ആവശ്യമുണ്ടായിരുന്നില്ല . മറ്റേതൊക്കെയോ സ്‌നേഹങ്ങളുടെ കണക്കെടുപ്പില്‍ എന്റെ സനേഹം നിനക്ക് ബാധ്യതയോ നഷ്ടക്കച്ചവടമോ ഭാരമോ ആയി. അങ്ങനെയാണ് നീയെന്നെ നിന്റെ സ്‌നേഹത്തില്‍ നിന്ന് പടിയിറക്കിയത്..അങ്ങനെയാണ് നീയെന്നില്‍ നിന്നും അകന്നുപോയത്.പക്ഷേ ഞാനെന്റെ പടിവാതില്‍ അടച്ചിട്ടില്ല.നിനക്കെപ്പോള്‍ വേണമെങ്കിലും വരാം..ഓ എന്റെ ദൈവമേ..
വിനായക് നിര്‍മ്മല്‍