നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആത്മീയജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കുമ്പസാരം. കുമ്പസാരത്തിലൂടെ നമ്മില്‍ അനേകം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ പ്രധാനമായും നാം ദൈവത്തിന്റെ ക്ഷമ തിരിച്ചറിയുന്നു എന്നതാണ്.
ദൈവത്തിന്റെ ക്ഷമ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ നമ്മുടെ ജീവിതം രൂപാന്തരപ്പെടുന്നു. ഒരേ സമയം മറ്റുള്ളവരുമായും ദൈവവുമായും നാം അനുരഞ്ജപ്പെടുന്നു. ദൈവഹിതത്തിന് വിരുദ്ധമായി നില്ക്കുന്ന ബന്ധങ്ങളെയും വ്യക്തികളെയും ഒഴിവാക്കാനാരംഭിക്കുന്നു.
ജീവിതത്തെ കുറെക്കൂടീ സത്യസന്ധതയോടെ സമീപിക്കാനും കഴിയുന്നതുപോലെ ദൈവവചനത്തിന് അനുസൃതമായി ജീവിക്കാനും തയ്യാറാകുന്നു. ദൈവത്തില്‍ നിന്ന് നമ്മുക്ക് ക്ഷമ കിട്ടിയതുപോലെ നാം മറ്റുള്ളവരോടും ക്ഷമിക്കാന്‍ സന്നദ്ധനാകുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള കൃപ ലഭിച്ചുതുടങ്ങുന്നു.
ചുരുക്കത്തില്‍ ആത്മാര്‍ത്ഥമായ കുമ്പസാരത്തിലൂടെ നമ്മുടെ ജീവിതം നവീകരിക്കപ്പെടുന്നു. അതൊരിക്കലും പിന്നീട് പഴയതുപോലെയാകുന്നില്ല. എന്നാല്‍ നാം കുമ്പസാരത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആ ചോദ്യത്തിന് നാം നല്കുന്ന ഉത്തരമാണ് നമ്മുടെ ആത്മീയതയുടെയും കുമ്പസാരത്തിന്റെയും അര്‍ത്ഥം നിശ്ചയിക്കുന്നതും.