ഓസ്ട്രേലിയ: വൈദികര്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ക്വീന്‍സ് ലാന്‍ഡ് നിയമം പാസാക്കി. ബാലലൈംഗികപീഡനവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു നിയമം അവതരിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിന് ലെജസ്ളേറ്റീവ് അസംബ്ലിയാണ് നിയമം പാസാക്കിയിരിക്കുന്നത്.
ഈ നിയമം അനുസരിക്കാന്‍ തയ്യാറാകാത്ത വൈദികര്‍ക്ക് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
ഇത്തരം നിയമങ്ങള്‍ യുവജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയില്ലെന്നും കൂദാശകള്‍ എങ്ങനെയാണ് പരികര്‍മ്മം ചെയ്യുന്നതെന്ന കാര്യത്തിലുള്ള അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയുള്ള നിയമങ്ങള്‍ പാസാക്കിയിരിക്കുന്നതെന്നും ബ്രിസ്ബെന് ആര്‍ച്ച് ബിഷപ് മാര്‍ക്ക് കോളറിഡ്ജ് പ്രതികരിച്ചു. രാജ്യത്തിന്റെ ഏജന്റാകുന്നതിനെക്കാള് ദൈവത്തിന്റെ ദാസനാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമങ്ങള്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനെക്കാള്‍ ജയിലില്‍ പോകാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് വൈദികരുടെയും മെത്രാന്മാരുടെയും പ്രതികരണം.
ബാലലൈംഗികപീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ റോയല്‍ കമ്മീഷനാണ് കുമ്പസാരത്തിലൂടെ വെളിപെടുന്ന ലൈംഗികപീഡന വിവരങ്ങള്‍ പുറത്തുപറയണമെന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്.