കുമ്പസാരക്കാര്‍ പിതാവിനെപോലെ ആയിരിക്കണം, ചാട്ടവാറുമായിട്ടല്ല ആശ്ലേഷവുമായിട്ടാണ് അവര്‍ ഇരിക്കേണ്ടത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുമ്പസാരക്കാര്‍ പിതാവിനെ പോലെ ആയിരിക്കണമെന്നും കുമ്പസാരക്കൂട്ടില്‍ ചാട്ടവാറുമായിട്ടല്ല ആശ്ലേഷവുമായിട്ടായിരിക്കണം അവര്‍ ഇരിക്കേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിഭൂതി ദിനമായ ഇന്ന് തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടാണ് നോമ്പുകാലയാത്രയെന്നും ദൈവം നല്കുന്ന പാപമോചനമാണ് നമ്മുടെ മടക്കയാത്രയുടെ ആദ്യപടിയെന്നും പാപ്പ പറഞ്ഞു. നമ്മള്‍ സഞ്ചരിക്കുന്ന വഴികള്‍ പരിശോധിക്കാനുളള സമയമാണ് നോമ്പുകാലം. ചെറിയ ത്യാഗപ്രവൃത്തികള്‍ ചെയ്യുന്നതില്‍ ഒതുങ്ങുന്നതല്ല നോമ്പുകാലം. നമ്മുടെ ഹൃദയം ഏതു ദിശോന്മുഖമാണ് എന്ന് വിവേചിച്ചറിയാനുള്ള സമയമാണ്. കര്‍ത്താവിന് പ്രീതികരമായിട്ടാണോ ഞാന്‍ ജീവിക്കുന്നത്, അതോ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാനോ പ്രശംസ പിടിച്ചുപറ്റാനോ അവരെ പ്രീതിപ്പെടുത്താനോ? ഒരു ചുവടു മുന്നോട്ടും പിന്നെ പിന്നോട്ടും വയ്ക്കുന്നതും ദൈവത്തെയും ലോകത്തെയും അല്പാല്പം സ്‌നേഹിക്കുന്നതുമായ ചഞ്ചലഹൃദയമാണോ എനിക്കുള്ളത്. കാപട്യങ്ങളോടു കൂടി ഞാന്‍ സന്തോഷിച്ചു ജീവിക്കുകയാണോ അതോ ഹൃദയത്തെ കാപട്യങ്ങളിലും അതിനെ ബന്ധനസ്ഥമാക്കുന്ന കള്ളങ്ങളിലും നിന്ന് മോചിപ്പിക്കാന്‍ പോരാടുകയാണോ?

നാം സ്‌നേഹിക്കപ്പെടുന്നതിന്റെ സന്തോഷം വീണ്ടും കണ്ടെത്താന്‍ തന്നിലേക്ക് മടങ്ങിവരാന്‍ ദൈവം കൂടിക്കാഴ്ചയ്ക്ക് എത്തിയിരിക്കുന്ന സമയമാണ് ഇതെന്നും പാപ്പ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധപത്രോസിന്റെ ബസിലിക്കയില്‍ ചാരം പൂശല്‍ കര്‍മ്മവും വിശുദ്ധ കുര്‍ബാനയര്‍പ്പണവും നടന്നു.