മതപരിവര്‍ത്തനക്കുറ്റം: എസ് ഡി സന്യാസിനിക്ക് മുന്‍കൂര്‍ ജാമ്യം

ജബല്‍പ്പൂര്‍: മതപരിവര്‍ത്തനക്കുറ്റം ആരോപിക്കപ്പെട്ട സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് അംഗം സിസ്റ്റര്‍ ഭാഗ്യക്ക് മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സിസ്റ്റര്‍ക്കെതിരെ മുന്‍ സഹപ്രവര്‍ത്തകയാണ് കേസ് ആരോപിച്ചിരിക്കുന്നത്. റൂബി സിംങ് എന്ന ഹൈന്ദവ സഹപ്രവര്‍ത്തക ഫെബ്രുവരി 22ന് നല്കിയ കേസില്‍ ആരോപിച്ചിരിക്കുന്നത് തന്നെ സിസ്റ്റര്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്നാണ്.

കഴിഞ്ഞ കോവിഡ് കാലത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരണം ചെയ്യുകയാണ് റൂബി സിംങ് ചെയ്തതെന്ന് സിസ്റ്ററും അടുത്ത വൃത്തങ്ങളും ആരോപിച്ചു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്ന് റൂബി സിംങിനെ പിരിച്ചുവിടുകയായിരുന്നു, 2016 ലാണ് റൂബി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്, ഭാരതീയ ജനതാപാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധിത നിയമം നടപ്പിലാക്കിയത് ജനുവരിയിലായിരുന്നു. ഫെബ്രുവരി 17 ന് സ്‌കൂള്‍ അധികൃതര്‍ റൂബിക്കെതിരെ പോലീസില്‍ പരാതി നല്കിയിരുന്നു. 22 നാണ് റൂബി തിരിച്ചു കേസുകൊടുത്തത്.

ഏപ്രില്‍ ഏഴിന് കോടതി വാദം കേള്‍ക്കും.