ഇന്ന് സഭ പൗലോസിന്റെ മാനസാന്തരത്തിന്റെ ഓര്‍മ്മ ആചരിക്കുകയാണ്. എന്തുകൊണ്ടാണ് പൗലോസിന്റെ മാത്രം മാനസാന്തരം സഭ പ്രത്യേകമായി ആഘോഷിക്കുന്നത്? വിശുദ്ധ അഗസ്ത്യന്റെയും വിശുദ്ധ ഫ്രാന്‍സീസിന്റെയും വാഴ്ത്തപ്പെട്ട ചാള്‍ ഡിഫോക്കോള്‍ഡിന്റെയും പോലെയുള്ള പ്രശസ്തമായ അനേകം മാനസാന്തരങ്ങള്‍ സഭയിലുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പൗലോസിന്റെ മാനസാന്തരം.
കാരണം ഓരോ ക്രൈസ്തവന്റെയും മാനസാന്തരത്തിന്റെ ആദിരൂപമാണ് പൗലോസിന്റെ മാനസാന്തരം.
ക്രിസ്തുവില്‍ പുതുസൃഷ്ടിയാകാനുള്ള ക്ഷണമാണ് പൗലോസ് നാം ഓരോരുത്തരോടും നടത്തുന്നത്. ജീവിതത്തിലെ പലവിധത്തിലുള്ള ഡമാസ്‌ക്കസ് യാത്രകളില്‍ നാം ഓരോരുത്തര്‍ക്കും മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇനി ഞാനല്ല എന്നില്‍ ക്രിസ്തുവത്രെ എന്നായിരുന്നു പൗലോസിന്റെ ധീരമായ പ്രഖ്യാപനങ്ങളിലൊന്ന്. നിയമം കൊണ്ടോ പരിച്ഛേദനം കൊണ്ടോ ആയിരുന്നില്ല പൗലോസിന്റെ മാനസാന്തരം സംഭവിച്ചത്. ക്രിസ്തുവിലായിരുന്നു. ക്രൈസ്തവരായ നമ്മുടെ ജീവിതം അനുനിമിഷം മാനസാന്തരപ്പെടാനുള്ളതാണ്. മാനസാന്തരപ്പെടുക എന്നത് ക്രിസ്തുവില്‍ ജീവിക്കുക എന്നതാണ്. നമ്മുടെ ഓരോരുത്തരുടെയും മാനസാന്തരങ്ങള്‍ സുവിശേഷവല്ക്കരിക്കപ്പെടുന്നുണ്ടോ എന്നതും പ്രസക്തമാണ്. പൗലോസിനെ പോലെ തീക്ഷ്ണമതിയായ ഒരു സുവിശേഷപ്രഘോഷകന്‍ ഉണ്ടായിരുന്നോ എന്നുപോലും സംശയിക്കണം.
താന്‍ അറിയുകയും അനുഭവിക്കുകയും സ്വന്തമാക്കുകയും ചെയ്ത ക്രിസ്തുവിനെ ലോകമെങ്ങും അറിയിക്കാന്‍ മാത്രമുള്ള തീക്ഷ്ണത പൗലോസിലുണ്ടായിരുന്നു. മാനസാന്തരപ്പെടുന്നതിലൂടെ നമ്മുടെ ജീവിതം അത്തരമൊരു സ്റ്റേജിലേക്കുകൂടിപ്രവേശിക്കേണ്ടിയിരിക്കുന്നു.