കോണ്‍വെന്റുകള്‍ക്ക് കെട്ടിട നികുതി ഇളവു അനുവദിച്ചുകൊണ്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോണ്‍വെന്റുകള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസസ്ഥലങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അര്‍ഹമാണെന്ന് സുപ്രീംകോടതി.

1975 ലെ കേരള കെട്ടിട നികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളില്‍വരുന്നതാണ് കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളുമെന്ന് സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന്( 1) (ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിടനികുതിയില്‍ നിന്നൊഴിവാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാന്‍ കോളജില്‍ പഠിക്കുന്ന കന്യാസ്ത്രീകള്‍ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധന മഠത്തില്‍ പെട്ട സന്യാസസമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജികളിലാണ് വിധി.