ഇത് ജോഫ്രഡും റാല്‍ഫ്രഡും. ഇരട്ടസഹോദരങ്ങള്‍. ഏപ്രില്‍ 23 നായിരുന്നു ഇരുവരുടെയും 24 ാം പിറന്നാള്‍. തൊട്ടടുത്ത ദിവസം ചെറിയ പനിയോടെയായിരുന്നു തുടക്കം. ഏതാനും ദിവസത്തെ പനി കോവിഡ് പോസിറ്റീവാണെന്ന് തെളി്ഞ്ഞതോടെ വീട്ടുകാര്‍ക്ക് സംഭ്രമമായി. വിദഗ്ദചികിത്സ ലഭിച്ചുവെങ്കിലും ഓക്സിജന്‍ ലെവല്‍ താഴ്ന്നതോടെ സ്ഥിഗതികള്‍ വഷളായി. വെന്റിലേറ്ററിലായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍.
പക്ഷേ മെയ് 10 ആയപ്പോഴേയ്ക്കും കോവിഡ് നെഗറ്റീവ് ആയി. എല്ലാ സങ്കടങ്ങളും മാറിയതിന്റെ സന്തോഷത്തില്‍ ആ ഇരട്ടസഹോദരങ്ങളും വീട്ടുകാരും കഴിഞ്ഞു. പക്ഷേ ആ സന്തോഷം ക്ഷണികമായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജോഫ്രഡ് മരണമടഞ്ഞു. ആ വിവരം റാല്ഫ്രഡില് നിന്ന് ബന്ധുക്കള്‍ ഒളിപ്പിച്ചുവച്ചു.
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുന്നുവെന്നായിരുന്നു വീട്ടുകാര്‍ നല്കിയ വിശദീകരണം. പക്ഷേ ഏതോ മാലാഖ വന്ന് അവനോട് ആ സത്യം പറഞ്ഞിരിക്കണം. എന്തിനാണ് എന്നോട് കള്ളം പറയുന്നത് എന്നായിരുന്നു അവന്റെ ചോദ്യം. തൊട്ടടുത്ത ദിവസം അവനും മരിച്ചു. അങ്ങനെ മെയ് 13,14 ദിവസങ്ങളിലായി ആ ഇരട്ടസഹോദരങ്ങള്‍ ഭൂമിയിലെന്നതുപോലെ സ്വര്‍ഗ്ഗത്തിലും ഒന്നിച്ചു.
മീററ്റിലാണ് ഈ സംഭവം നടന്നതെങ്കിലും മലയാളി കുടുംബമാണ് ഇവരുടേത്. അധ്യാപകരായ ഗ്രിഗറിയും സോജയുമാണ് മാതാപിതാക്കള്‍. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച ഈ സഹോദരങ്ങള്‍ എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. പഠനം, ജോലി.. എല്ലാറ്റിനും ഒരുമിച്ചായ അവരെ മരണത്തിനും അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ടാണല്ലോ മരണവും അവരെ ഒരുമിച്ചുചേര്‍ത്തത്.