കോവിഡ് കാലത്തും പ്രത്യാശ നശിച്ചിട്ടില്ല; ചാപ്ലയ്‌നായ കത്തോലിക്കാ വൈദികന്‍ സംസാരിക്കുന്നു

റോം: കോവിഡിന് നമ്മുടെ ഉള്ളിലെ സ്‌നേഹത്തെയും പ്രത്യാശയെയും നശിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോവിഡ് ഹോസ്പിറ്റലില്‍ ചാപ്ലയ്‌നായി ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ വൈദികന്‍ സീസര്‍ പ്ലച്ചിനോറ്റോ പറയുന്നു. കൊറോണ രോഗികളെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഡോക്ടര്‍മാരും നേഴ്‌സുമാരും ശുശ്രൂഷിക്കുന്നത് കാണുമ്പോള്‍ നാം അക്കാര്യമാണ് തിരിച്ചറിയുന്നതെന്നും അദ്ദേഹം പറയുന്നു.

സേവനസന്നദ്ധരായ, പ്രതിബദ്ധരായ അനേകരെ ഞാന്‍ ഇതിനകം കണ്ടുകഴിഞ്ഞു. ഫാ. സീസര്‍ പറയുന്നു. സ്പല്ലാന്‍സാനി ഹോസ്പിറ്റലില്‍ ചാപ്ലയ്‌നായി സേവനം ചെയ്യുന്ന രണ്ടുവൈദികരില്‍ ഒരാളാണ് ഇദ്ദേഹം ഡിസംബര്‍ 15 ന് മാത്രം 225 രോഗികളാണ് കോവിഡ് ചികിത്സ തേടി ഇവിടെയെത്തിയത്. ഇവരില്‍ 37 പേര്‍ ഐസിയുവിലാണ്. മനുഷ്യമഹത്വത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇക്കാലയളവില്‍ കണ്ടുകഴിഞ്ഞു. എല്ലാവരും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അച്ചന്‍ പറയുന്നു. കോവിഡ് ബാധയില്‍ ഇറ്റലി രണ്ടാം സ്ഥാനത്താണ്. മാര്‍ച്ചു മുതല്‍ 66,500 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

സൈക്കോളജിസ്റ്റു കൂടിയാണ് ഫാ. സീസര്‍. കോവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കളെ ആഴ്ചതോറും വീഡിയോ കോള്‍ ചെയ്ത് അവരെ ആശ്വസിപ്പിക്കുന്ന ശുശ്രൂഷയും അദ്ദേഹം നിര്‍വഹിച്ചുപോരുന്നു. ആളുകള്‍ക്ക് കൗണ്‍സലിംങ് അത്യാവശ്യമാണെന്നും അച്ചന്‍ പറയുന്നു.