കോവിഡ് ബാധിച്ച് മരിച്ച ബ്രസീലിലെ ബിഷപ്പിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന് വിശ്വാസികള്‍

ബ്രസീല്‍:കോവിഡ് ബാധിച്ച് മരണമടഞ്ഞ ബ്രസീലിലെ ബിഷപ് ഹെന്‍ട്രിക്ക് സോറെസ് ദെ കോസ്റ്റായുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനുമായി വിശ്വാസികള്‍. 48,000 ആളുകളാണ് ഇതേ ആവശ്യവുമായി ഒപ്പിട്ട് ബ്രസീലിലെ മെത്രാന്‍ സമിതിയെ സമീപിച്ചിരിക്കുന്നത്.

57 കാരനായ ബിഷപ് ഹെന്‍ട്രിക്ക് ജൂലൈ 18 നാണ് മരണമടഞ്ഞത്. സാധാരണയായി ഒരു വ്യക്തി മരിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ നാമകരണനടപടികള്‍ തുടങ്ങാന്‍ വത്തിക്കാന്‍ അനുവദിക്കാറുള്ളൂ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി സാമ്യപ്പെടുത്തിക്കൊണ്ടാണ് ബിഷപ്പിനെയും അദ്ദേഹത്തിന്റെ മരണത്തെയും കുറിച്ച് ആളുകള്‍ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. ബ്രസീലിലെ സഭയ്ക്ക് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് എന്ന് വിശ്വാസികള്‍ പറയുന്നു.

ഇന്റര്‍നെറ്റ് അപ്പസ്തലേറ്റ് ആയിരുന്നു ബിഷപ് ഹെന്‍ട്രിക്ക്. ജൂണ്‍ 29 നാണ് അദ്ദേഹം അവസാനമായി ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. 19,000 പേരാണ് അതില്‍ പങ്കെടുത്തത്്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 97,000 സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.