ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 160 വൈദികരെയും 143 കന്യാസ്ത്രീകളെയും

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 160 വൈദികരെയും 143 കന്യാസ്ത്രീകളെയും ഏപ്രില്‍ 10 നും മെയ് 17 നും ഇടയിലുള്ള കണക്കുകളാണ് ഇത്. ഇതില്‍ രൂപത വൈദികരും സന്യാസവൈദികരും ഉള്‍പ്പെടുന്നു. അറുപതു പേര്‍ സന്യാസ വൈദികരാണ്. അതില്‍ ഏറ്റവും ഉയര്‍ന്ന തോത് ഈശോസഭ വൈദികരുടേതാണ്. 24 ജസ്യൂട്ട്‌സുകളെയാണ് കോവിഡ് അപഹരിച്ചത്. നാലു വൈദികര്‍ ഒരു ദിവസം തന്നെ മരണമടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 40 വൈദികര്‍ ഇതില്‍ മലയാളികളാണ്.

അതുപോലെ തന്നെ 143 കന്യാസ്ത്രീകളും രണ്ടാം കോവിഡ് തരംഗത്തില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇതില്‍ 30 പേര്‍ മലയാളികളാണ്. കേരളത്തിലും വെളിയിലുമായി ഹോസ്പിറ്റലുകളിലും സ്‌കൂളുകളിലുമായി ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍.

മൂന്നു കത്തോലിക്കാ മെത്രാന്മാരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. ബിഷപ് എമിരത്തൂസ് ജോസഫ് പാസ്റ്റര്‍, ആര്‍ച്ച് ബിഷപ് എമിരത്തൂസ് അന്തോണി, ബിഷപ് ബേസില്‍ ഭൂരിയ എന്നിവരാണ് മരണമടഞ്ഞ മെത്രാന്മാര്‍. സാഗര്‍ രൂപതാധ്യക്ഷനായിരുന്ന ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ ഫെബ്രുവരിയിലാണ് മരണമടഞ്ഞത്. മെയ് മാസത്തിലായിരുന്നു മറ്റ് രണ്ടു മെത്രാന്മാരുടെ മരണം.