മുംബൈ: കോവിഡ് ബാധിച്ച് ഒരു മലയാളി കന്യാസ്ത്രി കൂടി മരണമടഞ്ഞു. തൃശൂര്‍ സ്വദേശിനിയും സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ ശകുന്തളയാണ് മരണമടഞ്ഞത്. ഓഗസ്റ്റ് 23 ന് മുംബൈ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. മുംബൈ ഓഷിവാര ക്രിസ്ത്യന്‍ സെമിത്തേരിയില്‍ വൈദികന്റെയും ഏതാനും കന്യാസ്ത്രീകളുടെയും സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി.
സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരിയില്‍ അംഗമായിട്ട് 51 വര്‍ഷം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ശകുന്തള സുവര്‍ണ്ണജൂബിലി ആഘോഷിച്ചത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടിനായിരുന്നു.
ലോക്ക് ഡൗണ്‍കാലത്ത് കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഇടയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. അവരുടെ അവസ്ഥ സിസ്റ്ററെ വേദനിപ്പിച്ചിരുന്നുവെന്ന് സഹസന്യാസിനികള്‍ പറഞ്ഞു.അതിഥിതൊഴിലാളികള്‍ക്ക് ലോണ്‍ അനുവദിച്ചുകൊടുക്കുന്നതിനും അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഏറെ ശ്രദ്ധാലുവായിരുന്നു സിസ്റ്റര്‍. സാമൂഹ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സിസ്റ്റര്‍, നല്ലൊരു ഗായികകൂടിയായിരുന്നു. ഗിറ്റാര്‍, ഡ്രം, ഹാര്‍മോണിയം തുടങ്ങിയവ ഉപയോഗിച്ചിരുന്നു.
ജര്‍മ്മന്‍ കന്യാസ്ത്രിയായ മദര്‍ അന്നയും ഈശോസഭ വൈദികനായ ഫാ. ജോസഫും ചേര്‍ന്ന് 1942 ല്‍ ആരംഭിച്ചതാണ് സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരി.