കോവിഡ്: മലയാളിയായ ഫ്രാന്‍സിസ്ക്കന്‍ കന്യാസ്ത്രീ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സിസ്റ്റര്‍ ആനി ഫ്‌ളോസി കോവിഡ് ബാധിച്ച് മരണമടഞ്ഞു. 74 വയസായിരുന്നു. സന്യസ്തജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തിലാണ് സിസ്റ്ററുടെ അന്ത്യം. തൃശുര്‍ സ്വദേശിനിയാണ്.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ നജീബബാദ് കോണ്‍വെന്റിലെ അംഗമായിരുന്നു. ന്യൂമോണിയായും ശ്വാസതടസവും കാരണം ഓഗസ്റ്റ് 17 നാണ് സിസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓഗസ്റ്റ് 29 ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹി നീഗം ബോധ് ഗാട്ട് ക്രിമിറ്റോറിയത്തില്‍ ആയിരുന്നു സംസ്‌കാരം. ജാസോല ഔര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദേവാലയത്തിലെ വോളന്റിയേഴ്‌സും രണ്ട് വൈദികരും നോയിഡ പ്രൊവിന്‍സിലെ കന്യാസ്ത്രീകളും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തു. ഭൗതികാവശിഷ്ടം ഉത്തര്‍പ്രദേശില്‍ അടക്കം ചെയ്തു.