കോവിഡ് മരണം; ആലപ്പുഴ രൂപതയില്‍ ഇടവക സെമിത്തേരികളില്‍ ദഹിപ്പിക്കല്‍ വഴി സംസ്‌കാരം നടത്തും

ആലപ്പുഴ: കോവിഡ് മൂലം മരണമടയുന്ന രൂപതാംഗങ്ങളുടെ മൃതദേഹം ഇടവക സെമിത്തേരികളില്‍ ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കുമെന്ന് ആലപ്പുഴ രൂപത വ്യക്തമാക്കി. പുരോഹിതരുടെ പ്രാര്‍ത്ഥനകളോടെയായിരിക്കും സംസ്‌കാരം. ആലപ്പുഴ രൂപതാ മെത്രാന്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഫൊറോന വികാരിമാരും വൈദികരും അല്മായ നേതാക്കളും ചേര്‍ന്ന് നടത്തിയ തീരുമാനപ്രകാരമാണ് ഇത്.

ഇത്തരത്തിലുള്ള ആദ്യ സംസ്‌കാരകര്‍മ്മങ്ങളും ഇന്നലെ നടന്നു. നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മ്മം സെമിത്തേരികളില്‍ ഏറെ പ്രയാസകരമായതിനാലാണ് ഇടവക സെമിത്തേരികളില്‍ ദഹിപ്പിക്കല്‍ വഴി നടത്താന്‍ ആലപ്പുഴ രൂപത തീരുമാനം കൈക്കൊണ്ടത്.

ദഹിപ്പിക്കല്‍ വഴിയുള്ള സംസ്‌കാരം റോമില്‍ നിന്ന് അനുവദിച്ചിരിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.