വത്തിക്കാന്‍ സിറ്റി: നാം ധരിക്കുകയോ ഭിത്തിയില്‍ അലങ്കരിക്കുകയോ ചെയ്യുന്ന കുരിശ് വെറുമൊരു അലങ്കാരം മാത്രമല്ലെന്നും ക്രൈസ്തവ ജീവിതത്തില്‍ ക്രിസ്തുവിന്റെ സനേഹവും ത്യാഗവും ഓര്‍മ്മിപ്പിക്കുന്നതാണ് അവയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവസ്‌നേഹത്തിന്റെ വിശുദ്ധ അടയാളമാണ് കുരിശ്. ക്രിസ്തുവിന്റെ ത്യാഗത്തിന്റെ അടയാളമാണ് അത്. അതിനെ നാം വെറുതെ ഒരു ആഭരണമായോ നെക്ലേസായോ ചുരുക്കരുത്. നാം ക്രിസ്തുവിന്റെ ശിഷ്യരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം അവിടുത്തെ അനുകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
ക്രിസ്തീയ ജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. വിശ്വാസിയുടെ ജീവിതം യുദ്ധമുഖത്താണ്. ദുഷ്ടാരൂപിക്കും തിന്മയ്ക്കും എതിരെ നിരന്തരം പോരാടുന്ന ജീവിതം. ഓരോ സമയവും നമ്മുടെ നോട്ടം ക്രൂശിതനായ ക്രിസ്തുവിലായിരിക്കണം. നാം അതിനെ ധ്യാനിക്കണം. ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്‍. ദൗത്യം പൂര്‍ത്തിയാക്കിയവന്‍.. ജീവിതം സമര്‍പ്പിച്ചവന്‍.
സാത്താന്‍ എപ്പോഴും നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെയും അവിടുത്തെ കുരിശിന്റെയും ചുവട്ടില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു. ഇന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.