നാളെ കരുണയുടെ ഞായര്‍; സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള കരുണയുടെ ദിവസം

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കരുണയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ കരുണയുടെ തിരുനാള്‍ നാളെയാണ്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ക്രിസ്തു നല്കിയ ദര്‍ശനങ്ങളില്‍ അടിസ്ഥാനമാക്കിയാണ് സഭയില്‍ കരുണയുടെ ഞായറിന് തുടക്കം കുറിച്ചിരിക്കുന്നത്. നീ ബ്രഷുകൊണ്ടുവരയ്ക്കുന്ന എന്റെ ചിത്രം പുതുഞായറാഴ്ച ആഘോഷമായി വെഞ്ചരിക്കപ്പെടണം എന്നും അന്ന് കരുണയുടെ തിരുനാളായി ആചരിക്കണമെന്നും ക്രിസ്തു ആവശ്യപ്പെടുന്നതായി വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ നാം വായിക്കുന്നു.

സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള കരുണയുടെ ദിവസം എന്നാണ് ഈശോ ഇതിനെ വിശേഷിപ്പിക്കുന്നത്. 2000 ഏപ്രില്‍ 30 മുതല്ക്കാണ് സഭയില്‍ കരുണയുടെ ഞായര്‍ ആചരിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിന് തുടക്കം കുറിച്ചത്. അന്നേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചതും അന്നായിരുന്നു.

അന്നേ ദിവസം ശരണത്തോടെ ദിവ്യകാരുണ്യത്തെ സമീപിക്കുന്ന ആത്മാവിന് സകലപാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നതാണ് ഈശോയുടെ വാഗ്ദാനം. കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ആത്മാവിന് പൂര്‍ണ്ണമായ പാപക്ഷമയും സകല ശിക്ഷയില്‍ നിന്നുള്ള മോചനവും ലഭിക്കും. അന്നേ ദിവസം തന്നെ കുമ്പസാരിക്കണമെന്നുമില്ല ഒന്നോ രണ്ടോ ആഴ്ചക്കകം കുമ്പസാരിച്ചാലും മതിയാകും. അതുകൊണ്ട് നാളെ നമുക്ക് സാധിക്കുമെങ്കില്‍ വിശുദധ കുമ്പസാരം നടത്തി പാപങ്ങളെയോര്‍ത്ത് മനസ്തപിച്ചു വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ദൈവത്തിന്റെ കരുണ സ്വന്തമാക്കാം.