കൊളംബോ: രണ്ടുവർഷം പിന്നിട്ടിട്ടും ഇനിയും കൈവരിച്ചിട്ടില്ലാത്ത നീതിയ്ക്കു വേണ്ടി ശ്രീലങ്കയിലെ കത്തോലിക്കരുടെ വിലാപം ഉയരുന്നു. 2019 ലെ ഈസ്റ്റർ ആക്രമണത്തിൽ 258 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിൽ ഇനിയും യഥാർത്ഥപ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് നീതിക്കുവേണ്ടി കത്തോലിക്കരുടെ സ്വരം ഉയരുന്നത്. മാർച്ച് 29 ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ നീതിക്കുവേണ്ടിയുളള ആവശ്യം അവർ വീണ്ടും ഉന്നയിച്ചു.
മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായിട്ടാണ് ചാവേറാക്രമണം അരങ്ങേറിയത്. കൊളംബോ ആർച്ച് ബിഷപ് മാൽക്കം രഞ്ചിത്തിന്റെ പേരിലാണ് നീതിക്കുവേണ്ടിയുള്ള ശബ്ദം ഉയർന്നിരിക്കുന്നത്. ഇതിനകം നിരവധി തവണ ചാവേറാക്രമണത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കണം എന്ന ആവശ്യം വനരോദനമായിത്തീരുകയായിരുന്നു.