ചിയറയും എന്റിക്കോയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് 2002 ല്‍ മെഡ്ജിഗോറിയായില്‍ വച്ചാണ്. ആദ്യദര്‍ശനത്തില്‍ തന്നെ പ്രണയത്തിന്റെ പരാഗങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ആരും നോക്കിനിന്നുപോകുന്ന സുന്ദരിയായിരുന്നു അന്ന് ചിയറ. അവള്‍ക്ക് പതിനെട്ട് വയസായിരുന്നു പ്രായം. സുന്ദരനും ഏതൊരു യുവതിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവനുമായിരുന്നു എന്റിക്കോയും. അവന് ഇരുപത്തിമൂന്നായിരുന്നു പ്രായം. ആദ്യദര്‍ശനത്തില്‍ തന്നെ വിതയ്ക്കപ്പെട്ട പ്രണയത്തിന് വിവാഹത്തിലെത്താന്‍ ആറു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.
അസ്സീസിയിലേക്ക് നടത്തിയ ഒരു തീര്‍ത്ഥാടന വേളയില്‍ മൂന്നുതവണ എന്റിക്കോ ചിയറയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മൂന്നുതവണയും ചിയറ യേസ് എന്ന് പറഞ്ഞു. പക്ഷേ പ്രണയം വിവാഹത്തില്‍ സാക്ഷാത്ക്കരിക്കപ്പെടാന്‍ അവര്‍ക്ക് പല തടസങ്ങളും നേരിടേണ്ടതായി വന്നു.
അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ അവരുടെ ആത്മീയജീവിതത്തിലും കുടുംബജീവിതത്തിലും അനിഷേധ്യമായ അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട് എന്ന കാര്യവും ഇവിടെ പറയേണ്ടിയിരിക്കുന്നു. ആത്മീയ ജീവിതവഴിയിലേക്ക് അവരുടെ ജീവിതത്തെ തിരിച്ചുവിട്ടത് ഈ വൈദികരായിരുന്നു.
ദൈവം നിങ്ങള്‍ക്ക് മുമ്പില്‍ ഒരു വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അതാര്‍ക്കും അടയ്ക്കാന്‍ കഴിയില്ല എന്നും െൈദവം നിങ്ങള്‍ക്ക് മുമ്പില്‍ ഒരു വാതില്‍ അടച്ചിട്ടുണ്ടെങ്കില്‍ അതാര്‍ക്കും തുറക്കാന്‍ കഴിയില്ല എന്നും പറഞ്ഞ് ആ വൈദികര്‍ അവരുടെ ബന്ധത്തെ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. അവരുടെ പ്രേമം 2008 ല്‍ വിവാഹത്തില്‍ പൂത്തുലഞ്ഞു. അസ്സീസിയില്‍ വച്ചായിരുന്നു വിവാഹം.
ഏത് നവദമ്പതികളെയും സന്തോഷിപ്പിക്കുമാറ് സ്വര്‍ഗ്ഗം അവരെയും അനുഗ്രഹിച്ചു. ചിയറാ ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭം പതിനാലാമത് ആഴ്ച പിന്നിട്ടപ്പോഴാണ് ചികിത്സയ്ക്കെത്തിയ അവരോട് ഡോക്ടര്‍ പറഞ്ഞത് കുട്ടിയുടെ വളര്‍ച്ച പൂര്‍ണ്ണമല്ലെന്നും ഗര്ഭപാത്രത്തിന് വെളിയില്‍ ആ കുഞ്ഞിന് ജീവിച്ചിരിക്കാനാവില്ലെന്നും. പത്തുമാസം മുഴുവന്‍ ചുമന്ന് നടന്നിട്ടും കുഞ്ഞിനെ ജീവനോടെ കിട്ടാന്‍ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ അബോര്‍ഷനാണ് നല്ലതെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധി. നിസ്സഹായനായ ഒരു കുട്ടിയുടെ ചിത്രത്തിലേക്കാണ് അവരുടെ കണ്ണുകള്‍ പതിഞ്ഞത്.
നിഷ്ക്കളങ്കനായ, നിസ്സഹായനായ ഒരു കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ച് കൊന്നൊടുക്കുക. എന്തു ക്രൂരതയാണത്.! ചിയറായും എന്റി്ക്കും അത് സമ്മതിച്ചില്ല. നൂറുവര്‍ഷം ജീവിച്ചിരുന്നാലും ഒരു മിനിറ്റ് മാത്രം ജീവിച്ചിരുന്നാലും തങ്ങള്‍ക്ക് കുഞ്ഞ് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അബോര്‍ഷനെക്കുറിച്ചുള്ള വര്‍ത്തമാനം അവര്‍ തള്ളിക്കളഞ്ഞു.
മാസം തികഞ്ഞ് ചിയറ പ്രസവിച്ചു, 2009 ജൂണ്‍ പത്തിന്.. മരിയ എന്നായിരുന്നു കുഞ്ഞിന് പേര്്.മുപ്പത് മിനിറ്റ് മാത്രമേ മരിയ ഈ ലോകത്ത് ജീവിച്ചിരുന്നുള്ളൂ. രണ്ട് ദിവസം കഴിഞ്ഞാണ് മരിയയുടെ ശവസംസ്കാരം നടത്തിയത്. വെള്ള ശവപ്പെട്ടിയില്‍ ആ മാതാപിതാക്കള്‍ ഒരു ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതി വച്ചു… നമ്മള് ഒരുമിച്ച് എത്ര സമയം ചെലവഴിച്ചു എന്നത് വലിയ കാര്യമല്ല. അതിന്റെ അത്യാവശ്യം ദൈവത്തിന് മാത്രമേ അറിയൂ…. ഞങ്ങള്‍ക്ക് കഴിയുന്നത്ര വിധത്തില്‍ ഞങ്ങള്‍ നിന്നെ പിന്തുടര്ന്നുകൊള്ളാം.
പിന്നീട് ചിയറ ഇങ്ങനെ എഴുതി. ഞാന്‍ അവളെ അബോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ഒരാഘോഷത്തിന്റെ ദിവസമായി ആ ദിവസത്തെ എനിക്കൊരിക്കലും കാണാന്‍ കഴിയില്ലായിരുന്നു തീവ്രവേദനയുടെ ഓര്‍മ്മയായി മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമായിരുന്നേനെ അതെന്നും. എന്നാല്‍ മരിയയുടെ ജനനദിവസം. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമാണ്.
അധികം വൈകാതെ ചിയറ വീണ്ടും ഗര്‍ഭിണിയായി. സങ്കീര്‍ണ്ണതകള്‍ ആദ്യം മുതല്ക്കേ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്കാനിംങില്‍ കണ്ടത് വികൃതമായ ഒരു കുട്ടിയുടെ ചിത്രമാണ്. കിഡ്നിയില്ലാത്ത കാലുകളില്ലാത്ത, ഒരു മാംസപിണ്ഡം. ഈ അവസ്ഥയില്‍ ഗര്‍ഭം മുന്നോട്ടു കൊണ്ടുപോകണോ എന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ സംശയം. പക്ഷേ ചിയറയും എന്റിക്കും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഡേവിഡ് ജിയോവാനി അങ്ങനെയാണ് അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.
അവന് പിറന്നുവീണപ്പോള്‍ ചിയറ അവനെ ആലിംഗനം ചെയ്തു ഉമ്മ വച്ചുകൊണ്ട് വിൡച്ചു എന്റെ മകനേ എന്റെ സ്നേഹമേ..
മരിയയുടെ വിധി തന്നെയായിരുന്നു ഡേവിഡിനും. ചെറിയൊരു തടിക്കുരിശ് ആ കഴുത്തില്‍ അണിയിക്കുമ്പോള്‍ എന്റിക്കിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. വൈദികന് മാമ്മോദീസാ നല്‍കുന്നതിനായി അവിടെ കാത്തുനിന്നിരുന്നു. അതിന് ശേഷം ഡേവിഡിനെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയതു പോലും എന്റി്ക്കായിരുന്നു.
രണ്ട് മ്ക്കളുടെ മരണത്തെക്കുറിച്ച് അവര്‍ പില്ക്കാലത്ത് ഇങ്ങനെയൊരു സാക്ഷ്യം നല്കി. ദൈവം ഞങ്ങള്‍ക്ക് രണ്ട് പ്രത്യേക കുട്ടികളെ നല്കി. എന്നാല്‍ ദൈവം ഞങ്ങളോട് ആവശ്യപ്പെട്ടത് അവരെ ജനനം വരെ മാത്രം അനുഗമിക്കാനാണ്. അവരെ കൈകളിലെടുത്ത്, മാമ്മോദീസാ നല്കി തിരികെ ദൈവത്തിന്റെ കരങ്ങളില്‍ തന്നെ ഏല്പിക്കാനായിരുന്നു ഞങ്ങളുടെ നിയോഗം. അവിടെ സമാധാനവും സന്തോഷവും അനുഭവിക്കുവാന്‍ ഞങ്ങള്ക്ക്് സാധിച്ചു.
സഹനങ്ങളുടെ മധ്യേയും ദൈവത്തിന്റെ സമാധാനം എങ്ങനെ അനുഭവിക്കുവാന്കഴിയും എന്ന് വ്യക്തമാക്കുന്നതാണ് ഈ സാക്ഷ്യം.
ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ദീര്‍ഘിപ്പിക്കാന്‍ ചിയറ ആഗ്രഹിച്ചില്ല. അവരുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ദൈവം വീണ്ടും അവരുടെ കുടുംബത്തിലേക്ക് മാലാഖമാരെ അയച്ചു. ചിയറ മൂന്നാമതും ഗര്‍ഭിണിയായി. ഒരുപാട് പ്രാര്‍ത്ഥനകള്‍.. പ്രതീക്ഷകള്‍. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ചിയറയുടെ നാവില്‍ ചെറിയതായ ഒരു തടിപ്പ് കണ്ടെത്തിയത്.. പരിശോധനയ്ക്കിടയില്‍ അത് ട്യൂമറാണെന്ന് കണ്ടെത്തി. വിവിധതരത്തിലുള്ള ചികിത്സകളും പോംവഴികളുമാണ്് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ ആ ചികിത്സകളെല്ലാം തന്റെ ഉദരത്തിലുള്ള കുഞ്ഞിന് ഹാനികരമാണെന്ന് ചിയറയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് കഠിന ചികിത്സകള്‍ക്ക് അവള് വിസമ്മതം പറഞ്ഞു. എല്ലാം ഫ്രാന്സിസെസ്ക്കോയുടെ ജനനത്തിന് ശേഷം.. അതായിരുന്നു അവളുടെയും എന്റിക്കിന്റെയും തീരുമാനം. പക്ഷേ ഗര്‍ഭകാലത്ത് തന്നെ നാവിന്റെ ഓപ്പറേഷന്് അവള് വിധേയയായി. എന്നാല്‍ കഠിനമായ വേദനസംഹാരികള്‍ ഒന്നും അവള് സ്വീകരിച്ചില്ല.
ഒടുവില്‍ ഫ്രാന്‍സെസ്ക്കോ അവരുടെ ജീവിതത്തിലേക്ക് വന്നു. രണ്ടാഴ്ച മുന്നേ.2011 മെയ് 30 ന്. ആ കുടുംബത്തിന്റെ സന്തോഷം കരകവിഞ്ഞു. പക്ഷേ ചിയറയുടെ വിധിയോര്‍ത്ത് എല്ലാവരും ആകുലപ്പെട്ടു. ഫ്രാന്സിസെസ്ക്കോ പിറന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചിയറ മറ്റൊരു ഓപ്പറേഷന് വിധേയയായി. കഠിനമായ ഗദ്തെസമനി അനുഭവം തന്നെയായിരുന്നു അത്. ആത്മാവിന്റെ ഇരുണ്ട ദിനങ്ങളിലൂടെയാണ് അവള് കടന്നുപോയത്. ദൈവം ഇല്ലാത്തതുപോലെ അവള്‍ക്ക് തോന്നി. പക്ഷേ ഇത് ദീര്‍ഘനാള്‍ നീണ്ടു നിന്നില്ല. പ്രാര്‍ത്ഥനകള്‍ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പുകവലിക്കാര്‍ക്ക് സാധാരണയായി വരാറുള്ളതരം കാന്‍സറായിരുന്നു ചിയറയ്ക്ക് വന്നത്. രോഗത്തിന്റെ വേദനകളെ മറികടക്കാന്‍ ദൈവവിശ്വാസവും ഫ്രാന്‍സിസ്ക്കോയുടെ സാന്നിധ്യവും ചിയറയെ ഒട്ടൊന്നുമല്ല സഹായിച്ചത്. പക്ഷേ അപ്പോഴേയ്ക്കും മരണം അവളുടെ അടുത്തെത്തിയിരുന്നു. അത്തരമൊരു ദിവസം അവളുടെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു. കര്‍ത്താവേ നിനക്ക് എന്നോട് എന്തും ആവശ്യപ്പെടാനാവും. പക്ഷേ ദു:ഖം നിറഞ്ഞ മുഖങ്ങള്‍ എനിക്ക് ചുറ്റും ഉള്ളപ്പോള്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല.. സന്ദര്‍ശകര്‍ സന്തുഷ്ടരായിരിക്കണമെന്നായിരുന്നു അവള് ആഗ്രഹിച്ചത്.
ഡോക്ടര്‍മാര്‍ ചിയറയുടെ അവസ്ഥ എന്റിക്കിനെ അറിയിച്ചു.ഇനി ഒരു പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ടതില്ല. ഇരുപത്തിയെട്ടാം വയസില്‍ ചിയറ തന്നെ വേര്പിരിഞ്ഞുപോവുകയാണ്.. സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല.. പ്രണയം ഹൃദയങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല.. അതിന് മുമ്പേ.. എന്റിക്ക് ചിയറയെയും കൊണ്ട് ഹോസ്പിറ്റല്‍ ചാപ്പലിലേക്കാണ് പോയത്. അവിടെ സക്രാരിക്ക് മുമ്പില്‍ വച്ച് എന്റിക്ക് ചിയറയോട് അക്കാര്യം പറഞ്ഞു. രോഗം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു. അതിന് ശേഷം ഇരുവരും വലിയ നിലവിളികളോടെ പരസ്പരം ആലിംഗനം ചെയ്തു. തുടര്‍ന്ന് വിവാഹദിനത്തിലെ പ്രതിജ്ഞ പുതുക്കി..താന്‍ എത്ര ദിവസം ജീവിച്ചിരിക്കുമെന്ന് അറിയാന്‍ ചിയറയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല.. ജീവിച്ചിരിക്കുന്ന ദിവസമത്രയും സന്തുഷ്ടയായിരിക്കാന്‍ അവള് ആഗ്രഹിച്ചു.
ഫ്രാന്സിസെക്കോയുടെ ഒന്നാം ജന്മദിനത്തില് ചിയറ അവന് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, ഞാന്‍ നിന്റെ ചേച്ചിയെയും ചേട്ടനെയും നോക്കാനായി സ്വര്‍ഗ്ഗത്തിലേക്ക് പോവുകയാണ്. നീ ഇവിടെ അപ്പയുടെ കൂടെ കഴിഞ്ഞുകൊള്ളുക.. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ചിയറ ഇങ്ങനെയും എഴുതിയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് നീ. കാരണം ഞങ്ങളുടെ മാനുഷികപരിമിതിക്കപ്പുറം ജീവിതത്തെ നോക്കിക്കാണുവാന്‍ നിന്റെ ജനനം ഞങ്ങളെ സഹായിച്ചു.
ജീവിതത്തിന്റെ അവസാനം അടുക്കാറായെന്ന് മനസ്സിലായപ്പോള്‍ അവര്‍ ചിയറയുടെ മാതാപിതാക്കളുടെ അടുക്കലേക്ക് താമസം മാറി. കൂടുതല്‍ ശാന്തതയ്ക്കും സമാധാനത്തിനും വേണ്ടിയായിരുന്നു അത്. അതിനിടയില്‍ ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയില്‍ പോപ്പ് ബെനഡിക്ടുമായി കാണുവാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഈ ദമ്പതികള്‍ക്ക് സാധിച്ചു. വൈകാതെ ചിയറയുടെ കണ്ണുകളെ കാന്‍സര്‍ ബാധിച്ചു. കഴുത്തിലേക്ക് കാന്‍സറിന്റെ ഞണ്ടുകാലുകള്‍ സഞ്ചരിച്ചുതുടങ്ങി.
ജീവിതത്തിന്റെ രാത്രി എത്താറായെന്ന്് ചിയറയ്ക്ക് മനസ്സിലായി. അവള് പരാതി പറയാതെ, പിറുപിറുക്കാതെ, സങ്കടപ്പെടാതെ മരണത്തിന് വേണ്ടി കാത്തുകിടന്നു.ഞാന്‍ നല്കുന്ന കുരിശ് മധുരമുളളതും ഭാരം ലഘുവുമാണെന്ന് ക്രിസ്തു പറയുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ചിയറ ഞാന്‍ നിന്നോട് ചോദിക്കട്ടെ, എന്റ് സ്നേഹമാണോ ക്രിസ്തുപറഞ്ഞതുപോലെ അവിടുത്തെ കുരിശാണോ കൂടുതല്‍ മധുരതരം എന്ന് മരണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എന്റിക്ക് ചിയറയോട് ചോദിച്ചു. അപ്പോള്‍ ഭര്‍ത്താവിനെ നോക്കി പുഞ്ചിരിയോടെയുള്ള ചിയറയുടെ മറുപടി ഇതായിരുന്നുവത്രെ, ശരിയാണ് എന്റിക്ക്, ക്രിസ്തുവിന്റെ കുരിശ് വളരെ മധുരമാണ്.. അന്ന് -2012 ജൂണ്‍ 13- ഉച്ചയ്ക്ക് ചിയറ നിത്യതയിലേക്ക് യാത്രയായി. പെസഹാ ബുധനാഴ്ച ആയിരുന്നു ആ ദിനം. ആയിരക്കണക്കിന് ആളുകളാണ് പതിനാറാം തിയതി സെന്റ് ഫ്രാന്‍സിസ് ദൈവാലയത്തില്‍ നടന്ന ചിയറയുടെ ശവസംസ്കാരശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയത്.
ശവസംസ്കാര വേളയില്‍ കാര്‍മ്മികനായിരുന്ന കര്‍ദ്ദിനാള്‍ അഗോസ്റ്റിനോ വാല്ലിനി ചിയറയെ വിശേഷിപ്പിച്ചത് രണ്ടാമത്തെ ജിയന്നെ എന്നാണ്. ഗര്‍ഭസ്ഥശിശുവിന് വേണ്ടി സ്വന്തം ജീവന് സമര്‍പ്പിച്ച ചിയറയ്ക്ക് ഇതിലും വലിയൊരു വിശേഷണം ലഭിക്കാനില്ലല്ലോ. അധികം വൈകാതെ തന്റെ ഭാര്യയുടെ ചിത്രം സെന്റ് പീറ്റേഴ്സ കത്തീഡ്രലിന്റെ ചുമരുകളില്‍ തുങ്ങും എന്നാണ് എന്റിക്കിന്റെ പ്രതീക്ഷ. അതിന് വേണ്ടിയാണ് അയാളുടെ പ്രാര്‍ത്ഥനയും.