നാലുലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിക്ക് ബംഗ്ലാദേശില്‍ സഭയുടെ നേതൃത്വത്തില്‍ തുടക്കം

ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നാലുലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പ്രചരണപരിപാടിക്ക് ആരംഭം കുറിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ അമ്പതാം വാര്‍ഷികം, രാജ്യസ്ഥാപകനായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക ചാക്രികലേഖനമായ ലൗദാത്തോസിയുടെ അഞ്ചാം വാര്‍ഷികം എന്നിവ പ്രമാണിച്ചാണ് രാജ്യമെങ്ങും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 14 ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ബംഗ്ലാദേശ് തലവന്‍ കര്‍ദിനാള്‍ പാട്രിക് റൊസോരിയോ വൃക്ഷ തൈ നട്ടുകൊണ്ട് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തോടും രാജ്യസ്ഥാപകനോടുമുളള കത്തോലിക്കരുടെ സ്‌നേഹത്തിന്റെ പ്രകടനമാണ് വൃക്ഷത്തൈകള്‍ നടുന്നതെന്നും ഓരോ കത്തോലിക്കനും ഓരോ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ സ്‌നേഹം പ്രകടിപ്പിക്കണമെന്നും കര്‍ദിനാള്‍ റൊസോരിയോ പറഞ്ഞു.

മരങ്ങള്‍ നടുന്നതിലൂടെ പാരിസ്ഥിതികമായ സംരക്ഷണം കൂടിയാണ് ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.