പരിശുദ്ധ കുര്‍ബാന നാവില്‍ തന്നെ കൊടുക്കണോ?ഫാ.റോബിന്‍ പടിഞ്ഞാറേക്കുറ്റില്‍ എഴുതിയ ഈ അനുഭവക്കുറിപ്പ് വായിക്കൂ

നാലുവർഷം മുമ്പാണ്, ഇടുക്കി ജില്ലയിലെ ഒരു പട്ടണത്തിൽ അസിസ്റ്റൻറ് വികാരിയായിരുന്നു ഞാൻ. ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരൻ എന്നെ തേടിവന്നു. ബ്ലാക്ക് മാസ്സുമൊക്കെയായി വളരെ അടുത്ത ബന്ധമുള്ള ഒരാൾ. ആത്മഹത്യാ മുനമ്പിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു അഭയം ഒരുക്കി തരണം അതായിരുന്നു ആവശ്യം. പിന്നെ അവൻ, അവന്റെ കഥ പറഞ്ഞു.

ഒരു ഡാൻസ് ടീച്ചർ ആയി സ്കൂളുകളിൽ പ്രവർത്തിക്കുന്നു. ഇതിനിടയിൽ വീഴാൻ സാധ്യതയുള്ള പെൺകുട്ടികളെ സ്നേഹം നടിച്ച് ഇത്തരം ചില സങ്കേതങ്ങളിലേക്ക് എത്തിക്കുന്നു.

നല്ല സ്മാർട്ട് ബോയ്സിനെ കൊണ്ട് പരിശുദ്ധ കുർബാന മോഷ്ടിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. ലക്ഷങ്ങൾ മറിയുന്ന ബിസിനസ്. കുറച്ചു കഴിഞ്ഞപ്പോൾ മനസു മടുത്തു ആകെ തകർന്ന അവസ്ഥയിലായി. ഒരു തിരിച്ചു നടത്തം ആഗ്രഹിച്ചു വന്നതാണ്.അന്നുമുതൽ ഒരു തീരുമാനമെടുത്തു, ഞാൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാന ഒരെണ്ണം പോലും നഷ്ടമാകാൻ അതുവഴി യേശുവാ അപമാനിക്കപ്പെടാൻ ഇടവരില്ല എന്ന്. അടുത്ത പള്ളിയിൽ സ്ഥലംമാറി ചെന്നപ്പോഴും പരിശുദ്ധ കുർബാന നാവിലേ കൊടുക്കൂ എന്ന് വാശിപിടിച്ചു. ഇടവകയിലെ പ്രമുഖരായ ചേട്ടന്മാർ അടുത്ത് പരാതിയുമായെത്തി, പരിശുദ്ധ കുർബാനയിലൂടെ രോഗാണുക്കൾ പകരും, അതുകൊണ്ട് കൈകളിൽ തന്നെ പരിശുദ്ധ കുർബാന കൊടുക്കണം.

സൗഖ്യദായകനായ യേശുവായെ സ്വീകരിക്കുന്നതുവഴി രോഗം പകരുമെങ്കിൽ നമ്മുടെയൊക്കെ വിശ്വാസം എവിടെ. സംശയം ഉള്ളിലൊതുക്കി അതേയുള്ളൂ.*ഈ നാളുകളിൽ പരിശുദ്ധ കത്തോലിക്കാസഭയുടെ കൂദാശകൾ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമം ഉണ്ട്. അതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് നിയമ പരിഷ്കരണ കമ്മീഷൻ നടത്തിയിരിക്കുന്ന ശുപാർശ. പരിശുദ്ധ കുർബാനയുടെ മഹത്വം എന്താണെന്ന് തിരിച്ചറിയാതെ കേവലമായ ഒരു ഭക്ഷണം മാത്രമായി അതിനെ ഒതുക്കാനുള്ള വളരെ ബോധപൂർവമായ ശ്രമമായി ഇതിനെ കാണണം. വിശ്വാസ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് ചാനൽ ജഡ്ജിമാരുടെ മുമ്പിലല്ല എന്നൊരു ബോധ്യം നമുക്കുണ്ടാകണം.

ഈ വിഷയം ചാനൽ ചർച്ചയിൽ വന്നാലും എല്ലാവരും ചേർന്ന് വിധിയെഴുതും പരിശുദ്ധ കുർബാന നാവിൽ കൊടുക്കരുത്. സാധിക്കുമെങ്കിൽ ഗ്ലൗസ് ഇട്ട കൈകൾ കൊണ്ട് മാത്രമേ കുർബാന കൊടുക്കാവൂ.തീർച്ചയായും കുറെ സഭാ വിരുദ്ധരും ഫ്രീമേസൺ ഗ്രൂപ്പുകാരും നിരീശ്വരവാദികളും വർഗീയവാദികളും അതിനെ പിന്തുണയ്ക്കാൻ ഉണ്ടാവും. സത്യത്തെ ബഹളം കൊണ്ട് നേരിടാൻ പഠിച്ച ദുഷിച്ച മാധ്യമസംസ്കാരം ഉള്ള ഈ നാട്ടിൽ പരിശുദ്ധ കുർബാന നാവിൽ തന്നെ സ്വീകരിക്കണം എന്ന് പറയുന്നവർ വിവരമില്ലാത്തവർ ആണെന്ന് മുദ്ര അടിക്കപ്പെടും. ഈ നാളുകളിൽ പരിശുദ്ധ കത്തോലിക്കാസഭയെ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ആശയപരമായും സാമൂഹികമായും അതിന് കഴിയില്ല എന്ന് തിരിച്ചറിയുന്നവർ പല കുത്സിത ശ്രമങ്ങളും ഇതിനായി നടത്തുന്നുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ഹർജി, പരിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്ന ശുപാർശ, സമർപ്പിത ഭവനങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട് എന്ന പ്രചാരണം, ക്രിസ്തുവിൻറെ പൗരോഹിത്യത്തെ സംബന്ധിച്ച വിവാദം, ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന പ്രചാരണം തുടങ്ങിയവ സഭയ്ക്ക് ഉള്ളിൽ നിന്നും പുറത്തുനിന്നും സഭ നേരിടേണ്ടിവരുന്നുണ്ട്.ഇത്തരം പ്രചാരണങ്ങൾ ഒക്കെ മധുരത്തിൽ പൊതിഞ്ഞ വിഷമാണ്.

പുറമേ നോക്കുമ്പോൾ വളരെ അത്യാവശ്യവും അനിവാര്യവുമായ കാര്യം. പക്ഷേ ഉള്ളിനുള്ളിൽ രഹസ്യ അജണ്ടകൾ നടപ്പിലാക്കപ്പെടുന്നത് നമ്മൾ തിരിച്ചറിയണം. അതിന് വിശ്വാസികളെ ഒരുക്കുക, വിശ്വാസികൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് പരിഹാരമാർഗ്ഗം. സഭയുടെ കൂദാശകളെ ആക്രമിക്കുന്നത് പൗരോഹിത്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ്.

പരിശുദ്ധ കുർബാന കേവലമായ ഒരു പ്രാർത്ഥനയോ പരിശുദ്ധ കുർബാന സ്വീകരണം ഒരു പ്രസാദം സ്വീകരിക്കലോ അല്ല. ക്രൈസ്തവ ജീവിതത്തിൻ്റെ കേന്ദ്രവും ജീവനുമാണ് പരിശുദ്ധ കുർബാന.പരിശുദ്ധ കുർബാനയുടെ ഭക്തിയാണ് ക്രൈസ്തവ ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നത്. പരിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നു എന്നത് ഭക്തിയുടെ കുറവുണ്ടാകുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. ന്യായ വാദങ്ങൾ പലതും ഉന്നയിക്കാം. എന്നാൽ യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ നിലനിൽക്കും. കത്തോലിക്കാ സഭയുടെ ഏറ്റവും മനോഹരമായ മഹത്വം പരിശുദ്ധ കുർബാനയാണ്.

പരിശുദ്ധ കുർബാന അതിൻ്റെ പവിത്രതയിൽ സൂക്ഷിക്കാൻ കഴിയുന്നിടത്തോളം കാലം സഭയെ തകർക്കാൻ ആർക്കുമാവില്ല. ഇത്തരം നിയമങ്ങളും നിർബന്ധങ്ങളും വരുമ്പോൾ തീരുമാനമെടുക്കേണ്ടത് നമ്മുടെ വൈദികർ തന്നെയാണ്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും പരിശുദ്ധ കുർബാന നാവിൽ തന്നെ കൊടുക്കുകയുള്ളൂ എന്ന ശക്തമായ ഒരു തീരുമാനമെടുക്കാൻ നമ്മുടെ വൈദികർ തയ്യാറാകണം.

അത്തരം തീരുമാനങ്ങളുടെ പേരിൽ അവഹേളനങ്ങളും വേദനകളും കുറെ അനുഭവിക്കേണ്ടിവരും. തീർച്ചയായും അതിനുള്ള വിളി കൂടിയാണ് പൗരോഹിത്യം. ഞാൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിലെ ഒരു ഓസ്തി പോലും അവഹേളിക്കപ്പെടാൻ അനുവദിക്കില്ല എന്ന് ഓരോ വൈദികനും തീരുമാനമെടുക്കുക. നിർബന്ധപൂർവം പറയുക പരിശുദ്ധ കുർബാന നാവിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്ന്. പരിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന സഭയെ സ്നേഹിക്കുന്ന വിശ്വാസികളുടെ വലിയ കൂട്ടം തീർച്ചയായും കൂടെയുണ്ടാവും. അതോടൊപ്പം തന്നെ ഇതിനെ വിമർശിക്കുന്ന തൽപരകക്ഷികൾ ഉണ്ടാവുകയും ചെയ്യും.

അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ബലിപീഠവും ആയുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് പരിഹാരം.ക്രിസ്തുവിൻ്റെ മുന്തിരിത്തോപ്പിൽ വേല ചെയ്യുവാൻ ഇറങ്ങി തിരിച്ചവരാണ് വൈദികർ. ക്രിസ്തുവിന് വേണ്ടി അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാൽ അഭിമാനത്തോടെ അത് സ്വീകരിക്കാൻ നമുക്കാകണം. പരിശുദ്ധ കുർബാന ഇന്ന് കൈയ്യിൽ മാത്രമേ കൊടുക്കാവു എന്നു നിർദ്ദേശിക്കുന്നവർ നാളെ പരിശുദ്ധ കുർബാന കയ്യിൽ സ്വീകരിച്ചിട്ട് സമയം പോലെ ഉൾക്കൊണ്ടാൽ മതി എന്ന് പറയില്ലെന്ന് ആരുകണ്ടു? ഇത്തരം സാഹചര്യങ്ങളെ കേവലം ഒരു നിയമമായി മാത്രം കാണാതെ ഇതിന് പിന്നിൽ നടക്കുന്ന വ്യക്തമായ അജണ്ടയെ തിരിച്ചറിയുക. പരിശുദ്ധ കൂദാശകളെ മഹത്വം കുറച്ചുകാണിച്ച് പതുക്കെ പതുക്കെ സഭയുമായുള്ള ബന്ധത്തിൽനിന്ന് ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വിശ്വാസസമൂഹത്തെ അകറ്റുക എന്ന അജണ്ടയാണ് നടപ്പാക്കുക.

ഏറ്റവും വലിയ ഔഷധമായ പരിശുദ്ധ കുർബാന രോഗാണുക്കളെ വഹിക്കുന്നു എന്ന് ആക്കിത്തീർക്കുന്നത് വഴി പരിശുദ്ധ കുർബാനയുടെ മൂല്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഒരു അനുഭവം കൂടി പറഞ്ഞു കുറിപ്പ് അവസാനിപ്പിക്കാം, എൻ്റെ ഇടവകയിൽ ഒരു ക്യാൻസർ രോഗി ഉണ്ടായിരുന്നു. മിക്കവാറും അടുപ്പിച്ചടുപ്പിച്ച് പരിശുദ്ധകുർബാന സ്വീകരിക്കണമെന്ന് പറയുമായിരുന്നു. തിരക്കുകൾക്കിടയിൽ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും എന്നും പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വീട്ടിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് അവർ എന്നോട് പറഞ്ഞു, ഞാൻ കഴിക്കുന്ന മരുന്നുകളേക്കാൾ എൻ്റെ വേദന ശമിപ്പിക്കുന്നത്, പ്രതീക്ഷ പകരുന്നത് പരിശുദ്ധ കുർബാന സ്വീകരണം ആണ്, പരിശുദ്ധ കുർബാനയേക്കാൾ വലിയ മരുന്നില്ലെന്നു ഞാൻ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാദിവസവും പരിശുദ്ധ കുർബാന വേണമെന്ന് ഞാൻ ആഗ്രഹിച്ചത്.അതുകൊണ്ട് പരിശുദ്ധ കുർബാനയെ നമുക്ക് കൂടുതൽ സ്നേഹിക്കാൻ തീരുമാനിക്കാം.

പരിശുദ്ധ കുർബാനയുടെ പവിത്രത നഷ്ടപ്പെടുന്ന ഒന്നിനോടും സഹകരിക്കില്ലെന്ന് തീരുമാനമെടുക്കാം. പരിശുദ്ധ സഭയിലെ വൈദികർ പരിശുദ്ധ കുർബാന പവിത്രതയോടെ സൂക്ഷിക്കുന്ന കാര്യത്തിൽ ജാഗ്രത കാണിക്കട്ടെ. അതിനായി സഹിക്കേണ്ടി വന്നാൽ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപയ്ക്കായി സർവ്വശക്തനോട് പ്രാർത്ഥിക്കാം.