പഞ്ചാബില്‍ സുവിശേഷപ്രവര്‍ത്തകനെ മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തി

ഫെറോസെപൂര്‍: പഞ്ചാബിലെ ഫെറോസെപ്പൂരില്‍ സുവിശേഷപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാല്‍വിന്റര്‍ ബാഗിച്ച ഭാട്ടിയെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂലൈ 27 ന് രാത്രി എട്ടേമുക്കാലോടെ ഏതാനും ചിലര്‍ വീട്ടിലെത്തി സഹോദരനെ വഴിയരികില്‍ ചോരയൊലിച്ചുകിടക്കുന്നതായി അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഞങ്ങള്‍ ഓടിച്ചെന്നപ്പോള്‍ കണ്ടത് വഴിയരികില്‍ അനക്കമില്ലാതെ ഭാട്ടിയ കിടക്കുന്നതാണ്. ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഭാട്ടിയായുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ക്രൈസ്തവഭവനം സന്ദര്‍ശിച്ച് സ്വഭവനത്തിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ദുരന്തം. സ്വഭാവികമരണമെന്നാണ് പോലീസ് ഭാഷ്യമെങ്കിലും അത് തെറ്റാണെന്ന് കുടുംബാംഗങ്ങള്‍ വാദിക്കുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വ്യക്തമായി തെളിയിക്കുന്നത് അതൊരു കൊലപാതകം തന്നെയാണെന്നാണ്. കുടുംബം ആരോപിക്കുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് ഭാട്ടിയായുടെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഭാര്യയും അഞ്ചു മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാട്ടിയായുടെ സഹോദരനും കൊല്ലപ്പെട്ടിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.