ഇന്ന് ഒക്ടോബര്‍ 13. ഫാത്തിമായില്‍ മാതാവ് ദര്‍ശനം നല്കിയതിന്റെ അവസാന ദിനം. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങളിലാണ് പരിശുദ്ധ കന്യാമറിയം ഫാത്തിമായിലെ ഇടയബാലകരായ ലൂസി, ഫ്രാന്‍സിസ്‌ക്കോ, ജസീന്ത എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. 1917 ല്‍ മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫാത്തിമാമാതാവിനോടുള്ള ഭക്തി കത്തോലിക്കാസഭയില്‍ വ്യാപകമായത്. മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെയുള്ള ദിനങ്ങളിലാണ് മാതാവ് ഈ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. അന്ന് മാതാവ് കുട്ടികളോട് പറഞ്ഞ കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. അതിലൊന്നാണ് ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യം. ഉപവസിക്കുകയും മനസ്തപിക്കുകയും ചെയ്യുക എന്നതായിരുന്നു മാതാവിന്റെ മറ്റൊരു ആഹ്വാനം.
ലോകമഹായുദ്ധം അവസാനിക്കാന്‍ എല്ലാവരും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം എന്നതായിരുന്നു മാതാവിന്റെ അഭ്യര്‍ത്ഥന. യുദ്ധം എന്നത് പാപത്തിന്റെ പ്രതീകമാണെന്നും മാതാവ് അന്ന് ലോകത്തോട് പറഞ്ഞു. സാത്താന്റെ ആയുധമാണല്ലോ പകയും വെറുപ്പും. പകയില്‍ നിന്നും വെറുപ്പില്‍ നിന്നുമാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അസര്‍ബൈജാന്‍- അര്‍മേനിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഫാത്തിമാമാതാവ് പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്.
നമുക്കും ജപമാല പ്രാര്‍ത്ഥനയില്‍ ശക്തിപ്രാപിക്കാം. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.