ഇന്ന് മെയ് 13. ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനം. മൂന്ന് ഇടയബാലകര്‍ക്ക് 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ വരെ നല്കിയ ആറു പ്രത്യക്ഷീകരണങ്ങളാണ് ഫാത്തിമാ ദര്‍ശനത്തിന്റെ കാതല്‍. ലോകത്തിന് വേണ്ടി പല സന്ദേശങ്ങളും അന്ന് മാതാവ് നല്കുകയുണ്ടായി. ലൂസി, ഫ്രാന്‍സിസ്ക്കോ , ജസീന്ത എന്നീ കുട്ടികള്‍ക്കാണ് മാതാവിനെ ഭൂമിയില്‍വച്ച് നേരില്‍ കാണാന്‍ അപൂര്‍വ്വമായ ഭാഗ്യം ലഭിച്ചത്.
ഇതില്‍ ഫ്രാന്‍സിസ്ക്കോയ്ക്കും ജസീന്തയ്ക്കും ഭൂമിയില്‍ പരിമിതമായ ആയുസേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ലൂസി പിന്നീട് കന്യാസ്ത്രീയായി. 2005 ഫെബ്രുവരി 13 നാണ് സിസ്റ്റര്‍ ദിവംഗതയായത്. സിസ്റ്റര്‍ ലൂസി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായിരിക്കുന്നുവെന്നാണ് അന്ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. 2017 ഫെബ്രുവി 13 ന് സിസ്റ്റര്‍ ലൂസിയെ ദൈവദാസിയായി പ്രഖ്യാപിക്കുകയുണ്ടായി.
ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ജീവിതകാലം മുഴുവന്‍ സിസ്റ്റര്‍ ലൂസി സംസാരിച്ചത്. നമുക്കോ നമ്മുടെ കുടുംബത്തിനോ ഉളള പ്രശ്നങ്ങള്‍ എത്ര വലുതാണെങ്കിലും ജപമാല പ്രാര്‍്ത്ഥന കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തതായി യാതൊന്നുമില്ലെന്ന വാക്കുകള്‍ ജപമാല പ്രാര്‍ത്ഥനയിലേക്ക് നമ്മെ കൂടുതലായി ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.
അതുപോലെ ദൈവവും സാത്താനും തമ്മിലുള്ള അവസാന യുദ്ധം വിവാഹത്തെയും കുടുംബത്തെയും പറ്റിയുള്ളതായിരിക്കും എന്നും സിസ്റ്റര്‍ ലൂസിയ മുന്നറിയിപ്പ് നല്കുന്നു. ആ മുന്നറിയിപ്പിനെ ശരിവയ്ക്കുന്ന വിധത്തിലാണല്ലോ ഇന്ന് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമസാധുത നേടിയിരിക്കുന്നതും.
നരകത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ദൈവദാസി സിസ്റ്റര്‍ ലൂസിയ നല്‍കുന്നുണ്ട്. ഭൗതികമല്ലാത്ത അസാധാരണമായൊരു അഗ്നിയാണതന്നെും നരകം ഒരു യാഥാര്‍ത്ഥ്യമാണെന്നുമാണ് സിസ്റ്റര്‍ ലൂസി പറയുന്നത്.
ഈ തിരുനാള്‍ ദിനത്തില്‍ സിസ്റ്റര്‍ ലൂസിയുടെ വാക്കുകളെ വേണ്ടതുപോലെ ഗൗനിച്ച് നമുക്ക് നമ്മുടെ ആത്മീയജീവിതം നവമായരീതിയില് ചിട്ടപ്പെടുത്താം.