അയര്‍ലണ്ട്: വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കത്തോലിക്കാ പുരോഹിതന് പോലീസ് പിഴ ചുമത്തി. അയര്‍ലണ്ടിലെ മുല്ലാഹോറന് ആന്റ് ലഫ്ഡഫ് ഇടവകയിലെ ഫാ. പി. ജെ ഹഗ്ഹെസിനാണ് പിഴ ചുമത്തിയത്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ വേളയില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു എന്ന കുറ്റത്തിനാണ് പിഴ. പാരീഷ് ബുള്ളറ്റിനില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു.
അടുത്ത ആഴ്ച നാം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. വിശുദ്ധവാരചടങ്ങുകളില് പങ്കെടുക്കാനായി ആളുകള്‍ ദേവാലയങ്ങളില്‍ വരാത്തത് ഈ വര്‍ഷം രണ്ടാം തവണയാണ്. ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദേവാലയം എന്നത് സക്രാരിയില്‍ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടമാണ്. ഭൂരിപക്ഷം ആളുകളും ഷോപ്പിംങിനും ജോലിക്കും പോകുന്നുണ്ട്. കുട്ടികള്‍ സ്കൂളില്‍പോകുന്നു, എന്നാല്‍ കോവിഡിന്റെ പേരു പറഞ്ഞ് നാം ദേവാലയങ്ങളില്‍ പോകുന്നില്ല. നമ്മള് യേശുക്രിസ്തുവിനെ നിഷേധി്ക്കുന്നു. കാരണം ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ നമ്മോട് പള്ളിയില്‍ പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്.’
500 യൂറോയാണ് പിഴ ഒടുക്കേണ്ടത്. ഏപ്രില്‍ അഞ്ചുമുതല്‍ രാജ്യത്ത് ലെവല്‍ 5 കോവിഡ് നിയന്ത്രണം നിലവില്‍ വന്നിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മെത്രാന്മാര് വിശുദ്ധവാരത്തോട് അനുബന്ധിച്ച് മാര്‍ച്ച് 26 മുതല്‍ പൊതുആരാധനകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.