മുംബൈ: വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്ക് 46 ടണ്‍ റിലീഫ് മെറ്റീരിയലുകളുമായി ബോംബൈ അതിരൂപത.
മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മഹദിലെ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ അകപ്പെട്ടുപോയവര്ക്കാണ് അതിരൂപതയുടെ ഈ സഹായം. മഹദിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണെന്ന ഫോണ്വാര്ത്തയെ തുടര്‍ന്നാണ് വിഭവസമാഹരണം ആരംഭിച്ചതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മുംബൈ അതിരൂപത വക്താവ് ഫാ. നീഗല്‍ ബാരെറ്റ് അറിയിച്ചു. മഹദിലെ ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരുടെ കടകള്‍ ഒലിച്ചുപോയി. ഏറ്റവും അടുത്തുള്ള പലവ്യഞ്ജനക്കട 25 കിലോമീറ്റര്‍ അകലെയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മഹദിലെ ജനങ്ങളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്. അദ്ദേഹം വ്യക്തമാക്കി.
ധാന്യങ്ങള്‍, പഞ്ചസാര, മസാല പൗഡറുകള്‍,കുടിവെള്ളം എന്നിവയെല്ലാമാണ് വിതരണം ചെയ്യുന്നത്. 2,00000 ബോട്ടിലുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അടുത്തഘട്ടത്തില്‍ പാത്രങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യും. പത്തു ടണ്‍ അരി, പത്തു ടണ്‍ പരിപ്പ്, അഞ്ച് ടണ്‍ പഞ്ചസാര, 15000 ലിറ്റര്‍ ഓയില്‍, അഞ്ച് ടണ്‍ ബിസ്ക്കറ്റ് എന്നിവയും വിതരണം ചെയ്തവയില് ഉള്‍പ്പെടുന്നു.