നമ്മുടെയൊക്കെ പ്രാര്‍ത്ഥനകള്‍ എന്തിന് വേണ്ടിയാണ്?

ഒരു ചെറുപ്പക്കാരന്‍ ഒരു ദിവസം എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവന്റെ അമ്മയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കണം. അതായിരുന്നു അവന്റെ ഉദ്ദേശ്യം. വീ്ട്ടിലെത്തിയപ്പോഴാണ് ചിത്രം പൂര്‍ണ്ണമായത്. തൊണ്ണൂറ് വയസുണ്ട് അവന്റെ അമ്മയ്ക്ക്. കുറെനാളായി കിടപ്പിലാണ്. ഈ അവസ്ഥയില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് എനിക്ക് പോലും ശങ്കയായി.

ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചോ എന്ന് അവന്‍ ആംഗ്യം കാണിക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം എന്നില്‍ നിന്നുണ്ടാവാതാരിക്കാനാവാം അവന്‍ കണ്ണടച്ചുപ്രാര്‍ത്ഥിക്കാനും തുടങ്ങി. പിന്നെ ഞാനും പ്രാര്‍ത്ഥിക്കാനാരംഭിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് തിരികെ പള്ളിയിലെത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആ ചെറുപ്പക്കാരന്റെ ഫോണ്‍ വന്നു.അച്ചാ അച്ചന്‍ വീടുവരെ വരണം.

എന്തിനാടാ ഞാന്‍ ഇപ്പോഴല്ലേ അവിടെ നിന്ന് പോന്നത്. അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലേഅതല്ല അച്ചാ. അമ്മ മരിച്ചു. അച്ചന്‍ വന്ന് ഒപ്പീസ് ചൊല്ലണം. അതുപറയാനാ ഞാന്‍ വിളിച്ചെ.

സങ്കടത്തിന്റെ ലാഞ്ചന പോലുമില്ലാതെയുള്ള അവന്റെ മറുപടി കേട്ട് ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. പ്രാര്‍ത്ഥനയില്‍ പോലും ദൈവത്തിന്‌റെ ഇഷ്ടം നോക്കാതെ സ്വന്തം ഇഷ്ടം നോക്കുന്നവരാണ് എവിടെയും. ആ ചെറുപ്പക്കാരന്‍ എന്നോട് പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടത് അവന്റെ അമ്മ മരിക്കാന്‍ വേണ്ടിയായിരുന്നോ? അറിയില്ല.

പക്ഷേ അമ്മ മരിച്ച്ത് അവനെ സന്തോഷിപ്പിച്ചുവെന്നത് എന്നെ ഇരുത്തിചിന്തിപ്പിച്ചു. മത്തായിയുടെ സുവിശേഷം ആറാം അധ്യായം നമ്മോട് പറയുന്നത് നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ ഇവയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണ്. എന്താണ് ദൈവരാജ്യം? ദൈവരാജ്യം എന്നാല്‍ ഭക്ഷണമോ പാനീയമോ അല്ലെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്്. ദൈവരാജ്യമെന്നാല്‍ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്റെ അവസ്ഥ ഇതായിരുന്നു. അവന്‍ നീത്ിമാനായിരുന്നു അവന് സമാധാനമുണ്ടായിരുന്നു അവന് സന്തോഷമുണ്ടായിരുന്നു. ആ രാജ്യം.

ദൈവരാ്ജ്യം. അത് സ്ഥാപിക്കുക എന്നതാണ് നമ്മുടെ കടമ. അത് അന്വേഷിച്ചുനടക്കേണ്ടതല്ല. അവിടെയും ഇവിടെയുമല്ല. ദൈവരാജ്യം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ്. നീതി സുപ്രീം കോടതിയിലല്ല നമ്മുടെ ജീവിതത്തിലുണ്ടാകണം. സന്തോഷം മന്സ്സിലും വാക്കിലും പ്രവൃത്തിയിലുമുണ്ടാകണം. സമാധാനം നോബൈല്‍ സമ്മാനം കി്ട്ടിയവര്‍ക്ക് മാത്രമുള്ളതല്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും എന്നത് തനിക്കേറെ ഇഷ്ടപ്പെട്ട ഒരു ബൈബിള്‍ വചനമാണെന്ന് ഒരാള്‍ എന്നോട് പറയുകയുണ്ടായി. കാരണം കിട്ടുന്ന കാര്യമാണല്ലോ അത്.ദൈവരാജ്യം എന്നത് കി്ട്ടലല്ല കൊടുക്കലാണ്. ദൈവരാജ്യം അന്വേഷിച്ചുവരുന്നവര്‍ വളരെ കുറവാണ്. ലൗകികരാജ്യം അന്വേഷിച്ചുവരുന്നവരാണ് കൂടുതലും.

പ്രാര്‍ത്ഥിക്കാന്‍ വരുന്നതുപോലും എനിക്കെന്തുകിട്ടും എന്ന് നോക്കിയിട്ടല്ലേ ഈ ലോകജീവിതത്തിലാവശ്യമായവ അന്വേഷിച്ചാണ് പലരും ധ്യാനകേന്ദ്രങ്ങളിലേക്ക് ഓടുന്നത്. എത്ര പ്രാര്‍ത്ഥിച്ചിട്ടും കിട്ടാതെവരുമ്പോള്‍ പ്രാര്‍ത്ഥിച്ചുപ്രാര്‍ത്ഥിച്ച് കാര്യം മേടിച്ചെടുക്കുന്നവരുമുണ്ട്. ഹോ എന്തുമാത്രം പ്രാര്‍ത്ഥിച്ചിട്ട് കിട്ടിയതാ ഇത് എന്നാണ് അതേക്കുറിച്ചുളള അവരുടെ അഭിപ്രായം. ചിലര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുപ്രാര്‍ത്ഥിച്ചു ദൈവത്തെ പോലും മാനസാന്തരപ്പെടുത്തിക്കളയും . എന്റെ രാജ്യം ഐഹികമല്ല എന്ന്് ക്രിസ്തു പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് വേണ്ടത് അതുമാത്രമാണ് താനും. നമ്മുടെ അന്വേഷണത്തില്‍ എവിടെയോ കുഴപ്പം സംഭവിച്ചിട്ടില്ലേ എന്ന് സംശയിക്കാവുന്നതാണ്.

നമ്മള്‍ അന്വേഷിക്കുന്നത് ഈ ലോകത്തിലെ മനുഷ്യരുടെ പ്രീതിയും ഇഷ്ടവുമാണ്. മറ്റുള്ളവരുടെ അനിഷ്ടവും എതിര്‍പ്പും ഉണ്ടാകുമ്പോഴും ദൈവത്തിന്റെ പ്രീതി എനിക്ക് ലഭിക്കുന്നുണ്ടോ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്. എന്നാല്‍ യഥാര്‍ത്ഥ്തതില്‍ നാം അന്വേഷിക്കേണ്ടത് ദൈവത്തിന്റെ പ്രീതിയും ഇഷ്ടവുമാണ്. ദൈവത്തിന്റെ ഇഷ്ടവും പ്രീതിയുമെല്ലാം ജീവിതത്തില്‍കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം ദൈവരാജ്യമായി മാറും. ആ ദൈവരാജ്യത്തില്‍ നാം എല്ലാവരോടും നീതികാണിക്കും. നമ്മുടെ ഹൃദയങ്ങളില്‍ അപ്പോള്‍ സന്തോഷമുണ്ടാവും സമാധാനമുണ്ടാവും. അതാണ് നിങ്ങളുടെ ഉള്ളിലാണ് ദൈവരാജ്യമെന്ന് ക്രിസ്തു പറയുന്നത്. പള്ളിയില്‍ പോകുന്ന പലരുടെയും പ്രാര്‍ത്ഥനയ്ക്ക് പോകുന്നവരുടെയുമെല്ലാം ലക്ഷ്യം മറ്റ് പലതുമാണ്. അതിന്റെ ഉദാഹരണമാണ് തുടക്കത്തിലെ സംഭവം.

ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം മെഴുകുതിരി കത്തിച്ചുവച്ചിട്ടൊന്നും കാര്യമില്ല. വയ്ക്കണം അത് രാജാവാണ്. പക്ഷേ ആരാജാവിന്റെ പ്രീതിനേടണം. ആ പ്രീതിനേടുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ദൈവരാജ്യമുണ്ടാകും. നീതിയും സമാധാനവും സന്തോഷവുമുണ്ടാകും. അപ്പോള്‍ എല്ലാം നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിചേര്‍ക്കപ്പെടും.ദൈവത്തെ അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നവനാണ് ദൈവരാജ്യം. ദൈവത്തെ പരീക്ഷിക്കുന്നവന്‍ അതൊരിക്കലും കണ്ടെത്തുന്നില്ല.

ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവന്‍ ദൈവത്തിന്റെരാജ്യം കണ്ടെത്തുന്നു.എന്റെ ജീവിതത്തില്‍ ദൈവരാജ്യമുണ്ടോ ഓരോരുത്തരും സ്വയം ചോദിക്കുക. ഞാന്‍ നീതി കാണിക്കുന്നുണ്ടോ സ്വന്തം ഇഷ്ടം നിറവേറ്റാന്‍ വേണ്ടിയായിരിക്കരുത് നാം പ്രാര്‍ത്ഥിക്കേണ്ടത്. മറിച്ച് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനായിരിക്കണം. എന്റെ ഇഷ്്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെയെന്നായിരുന്നു ക്രിസ്തുവിന്റെ പ്രാര്‍ത്ഥന. അവിടുത്തെ ഇഷ്ടം നിറവേറപ്പെടുമ്പോള്‍ അവിടെ ദൈവരാജ്യമാകും. ദൈവരാജ്യാനുഭവത്തിലേക്ക് നമുക്ക് യാത്രചെയ്യാം.

ഫാ. ഡേവിസ് ചിറമ്മേല്‍