മനുഷ്യന്‍-ഫാ. ഡേവീസ് ചിറമ്മേല്‍ എഴുതുന്നു

തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്ന് തീരുമാനിക്കുന്ന ദൈവത്തെ നാം ഉല്പത്തിയുടെ പുസതകം ഒന്നാം അധ്യായം ഇരുപത്തിയാറാം വാക്യത്തില്‍ വായിക്കുന്നുണ്ട്. ദൈവം മനുഷ്യനെയാണ് ഈ ലോകത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനെ ദൈവം സൃഷ്ടിച്ചിട്ടില്ല.

ഈ ലോകത്തിലുള്ള എല്ലാവര്‍ക്കുമായി ദൈവം നല്കിയിരിക്കുന്ന ആദരവിന്റെ വിശേഷണമാണ് മനുഷ്യന്‍. മനുഷ്യനായിരിക്കുക, മനുഷ്യത്വമുണ്ടായിരിക്കുക. ഇവ രണ്ടും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ദൈവത്തില്‍ നിന്ന് അകന്നുപോകുമ്പോള്‍ മനുഷ്യനിലെ മനുഷ്യത്വം മരവിച്ചുപോകും. വേരു നഷ്ടപ്പെട്ടുപോകുന്നതുപോലെയാണ് അത്. വേരറ്റുപോയ ഒരു വൃക്ഷത്തില്‍ നിന്നൊരിക്കലും കായ്കളോ പൂക്കളോ പിറക്കുന്നില്ല. അത് ഉണങ്ങിപ്പോകും. ദൈവത്തില്‍ നിന്ന് അകന്നുപോകുന്ന മനുഷ്യര്‍ക്കൊരിക്കലും ഫലം തരാനാവില്ല. നഷ്ടപ്പെട്ടുപോയ ഈ മാനുഷികഗുണത്തെ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ദൈവം ഈ ലോകത്തില്‍ വീണ്ടും മനുഷ്യനായിപിറന്നത്. അതാണ് ക്രിസ്തുമസ്. ഈ ലോകത്തില്‍ വച്ചേറ്റവും വലുതായികിട്ടാവുന്ന ഒരു അനുഗ്രഹമാണ്, സ്ഥാനമാണ് മനുഷ്യനായി ജീവിക്കുക എന്നത്. ദൈവം മനുഷ്യനായി.

അതുകൊണ്ട് ദൈവത്തിന്റെ സ്വഭാവമാണ് മനുഷ്യനുണ്ടാവേണ്ടത്. ഈശോയെ പിടികൂടി പീലാത്തോസിന്റെ മുമ്പിലെത്തിക്കുമ്പോള്‍ അയാള്‍ പറയുന്നത് എന്താണ്, ഈ മനുഷ്യനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല. ഈശോ മരിച്ചതിന് ശേഷം ആ പട്ടാളക്കാരന്‍ പറയുന്നതെന്താണ്, ഈ മനുഷ്യന്‍ന ീതിമാനായിരുന്നു. ഇവിടെയെല്ലാം ക്രിസ്തുവിന്റെ വിശേഷണം മനുഷ്യന്‍ എന്നാണ്. മനുഷ്യനായിരിക്കുക എന്നത് എത്രയോ ശ്രേഷ്ഠമായ പദവിയാണ് എന്ന് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നു. ഈ ലോകത്തിലും അന്ത്യവിധിയുടെ നാളിലും ഏറ്റവും പ്രധാനം മനുഷ്യനായിരിക്കുക എന്നതുതന്നെയാണ്. നീ നിന്നോട് തന്നെ സ്വയം ചോദിക്കുക. നീ നല്ല മനുഷ്യനാണോ..ന ീ മനുഷ്യത്വമുള്ളവനാണോ. ജീവിതത്തിന്റെ വിവിധ വഴികളില്‍ മനുഷ്യത്വം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുക. ഈ ലോകത്തില്‍ നീ എന്തുമാത്രം നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയുമായിക്കൊള്ളട്ടെ സമ്പന്നനോ സുന്ദരനോ വലിയ പദവികള്‍ അലങ്കരിച്ച വ്യക്തിയുമായിരുന്നുകൊള്ളട്ടെ അതിനൊക്കെ ഈ ലോകത്തില്‍ മാത്രമേ സ്ഥാനമുള്ളൂ എന്ന് മനസ്സിലാക്കണം.

ഈ ലോകത്തിന് ശേഷം നിനക്കൊരു ജീവിതമുണ്ട്. നിന്റെ ജീവിതത്തിന് ഒരു വിധിയുണ്ട്. ആ വിധിയുടെ നാളില്‍ നീ വിലയിരുത്തപ്പെടുക നിന്നില്‍ എന്തുമാത്രം മാനുഷികയുണ്ടായിരുന്നു നീ എത്രത്തോളം മനുഷ്യത്വത്തോടെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. സകലമനുഷ്യരെയും ദൈവം വിളിച്ചുകൂട്ടും എന്നാണ് ബൈബിള്‍ നല്കുന്ന മുന്നറിയിപ്പ്. അല്ലാതെ ക്രിസ്ത്യാനിയെ മാത്രം എന്നല്ല. ദൈവതിരുമുമ്പില്‍ അന്ത്യവിധിക്കായി നില്‍ക്കുമ്പോള്‍ എല്ലാവരും ഒരുപോലെയാണ്. അവിടെ സ്ഥാനപദവികള്‍ക്ക് വിലയില്ല. ജാതിക്കോ മതത്തിനോ സ്ഥാനമില്ല ,അവസാന വിധി ദിവസത്തില്‍ ഒരുമിച്ചുചേര്‍ക്കപ്പെടുമ്പോള്‍ നമ്മില്‍ മനുഷ്യത്വം ഇല്ലെങ്കില്‍നാം തിരസ്‌ക്കരിക്കപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ട് നഷ്ടപ്പെട്ടുപോയ മനുഷ്യത്വം തിരിച്ചുപിടിക്കാന്‍ ആവുന്നതുപോലെയൊക്കെ നമുക്ക് ചെയ്യാം. അപ്പോള്‍ മാത്രമേ മനുഷ്യന്‍ എന്ന ഒറ്റ പദവി കൊണ്ടു നമ്മള്‍ ദൈവസന്നിധിയില്‍ വിലയുള്ളവരായിത്തീരുകയുള്ളൂ.