വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നതിനെതിരെ സഭ നാളെ പ്രതിഷേധത്തിലേക്ക്

കൊച്ചി: ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ നാളെ സഭ പ്രതിഷേധദിനം ആചരിക്കും. സ്റ്റാന്‍ സ്വാമി അംഗമായ ഈശോസഭയാണ് ഒരു മണിക്കൂര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പ്രതിഷേധത്തില്‍ ലത്തീന്‍സഭയും പങ്കുചേരും നാളെ വൈകുന്നേരം നാലു മണി മുതല്‍ അഞ്ചു മണിവരെയാണ് ഈശോസഭ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പ്രതിഷേധത്തില്‍ പങ്കെടുക്കും.

കേരള ലത്തീന്‍ സഭാധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ ബിഷപ് ഡോ ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനമാണ് നാളെത്തെ പ്രതിഷേധപ്രകടനത്തില്‍ പങ്കുചേരാനുള്ള തീരുമാനം കൈക്കൊണ്ടത്. കോവിഡ് കാല നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പങ്കെടുക്കാനാണ് കെആര്‍എല്‍സിസിയുടെ ആഹ്വാനം.

ദളിതര്‍ക്കും പിന്നാക്ക സമൂഹങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച 83 വയസുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കെആര്‍എല്‍സിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.