പാരീസ്: ക്രിസ്തുമസ്‌കാലത്ത് 30 പേര്‍ക്ക് മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം എന്ന ഗവണ്‍മെന്റ് തീരുമാനം അസ്വീകാര്യമാണെന്ന് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. ഇക്കാര്യത്തിന് വേണ്ടി രണ്ടാമതും അപ്പീല്‍ നല്കാന്‍ മെത്രാന്‍സംഘം തീരുമാനിച്ചു.
നമ്മുടെ രാജ്യത്ത് ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മെത്രാന്‍സംഘം അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ടാം വരവ് പ്രമാണിച്ച് നവംബര്‍ രണ്ടുമുതല്‍ ഫ്രാന്‍സില്‍ പൊതുകുര്‍ബാനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 29 മുതല്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നവംബര്‍ 24 ന് അറിയിച്ചിരുന്നുവെങ്കിലും പങ്കെടുക്കാവുന്ന വിശ്വാസികളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം മെത്രാന്മാരുള്‍പ്പടെയുള്ള വിശ്വാസികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
ചെറിയൊരു ഗ്രാമത്തിലെ പള്ളിയില്‍ 30 പേര്‍ എന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പക്ഷേ രണ്ടായിരത്തോളം വിശ്വാസികള്‍ക്ക് പങ്കെടുക്കാവുന്ന ഒരു ദേവാലയത്തില്‍ 30 എണ്ണം എന്നത് അസംബന്ധമാണ്. ആര്‍ച്ച് ബിഷപ് മൈക്കല്‍ അഭിപ്രായപ്പെട്ടു.