പൂര്‍ണ്ണഹൃദയം

പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിക്കുവിന്‍( 1 സാമു 12;26)

പൂര്‍ണ്ണത വലിയൊരു വാക്കാണ്. കാരണം ഇനി അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല. അതില്‍ നിന്ന് ഒന്നും എടുത്തുനീക്കാനുമില്ല.ദൈവം മാത്രമാണ് പൂര്‍ണ്ണന്‍. ഭാഗികമോ അര്‍ദ്ധമോ ആയ കാര്യങ്ങളിലേക്ക് ഇനിയും കൂട്ടിച്ചേര്‍ക്കാനും നിറയ്ക്കാനും എന്തൊക്കെയോ ഉണ്ട്.

പൂര്‍ണ്ണത അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ബാധകമാണ്. അത് വലിയൊരു ഗുണവുമാണ്. പൂര്‍ണ്ണത കൈവരിക്കപ്പെടുന്നത് നാം ഏതിനൊന്നിനോട് എത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ ലോകത്ത് നമുക്ക് എന്തും ചെയ്യാം. മനസ്സ് കൊടുക്കാതെ, ഹൃദയം കൊടുക്കാതെ.. സ്‌നേഹബന്ധം മുതല്‍ ഔദ്യോഗികജോലിവരെയുള്ള എല്ലാ കാര്യങ്ങളിലും അത് ബാധകമാണ്.

പൂര്‍ണ്ണമായും ഹൃദയം കൊടുക്കാതെ നാം ഇതുവരെ എത്രയോ വ്യാപാരങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പൂര്‍ണ്ണ ഹൃദയം കൊടുക്കാതെ നാം ജോലി ചെയ്തു, സ്‌നേഹിക്കുകയാണെന്ന് ഭാവിച്ചു, രോഗിയായ ഇണയെ ശുശ്രൂഷിച്ചു, ശയ്യാവലംബിയായ അമ്മയെ പരിചരിച്ചു. പൂര്‍ണ്ണമനസ്സില്ലാതെ ചില സാമ്പത്തികസഹായങ്ങള്‍ ചെയ്തു. അപ്പോഴെല്ലാം നാം മനസ്സില്‍ പിറുപിറുക്കുകയോ മുറുമുറുക്കുകയോ ചെയ്തു.

നാം മാത്രമേ അത് കേട്ടുള്ളൂ. പുറമേയ്ക്ക് എല്ലാവരും പറഞ്ഞു, ഹോ എത്ര നന്നായി അത് ചെയ്തിരിക്കുന്നു. എത്ര നല്ലവന്‍. പക്ഷേ…. ദൈവത്തോടുള്ള നമ്മുടെ ബന്ധവും പ്രാര്‍ത്ഥനയും പോലും നമ്മുടെ സ്വാര്‍ത്ഥതയുടെ പൂര്‍ത്തീകരണങ്ങളാണ്. പൂര്‍ണ്ണഹൃദയംകൊടുത്തിട്ടല്ല നമ്മുടെ മിക്ക പ്രാര്‍ത്ഥനകളും. ദൈവത്തോടുള്ള പൂര്‍ണ്ണമായ ബന്ധത്തിലേക്ക് വളരുമ്പോള്‍ മാത്രമേ നമുക്ക് മ നുഷ്യരോടും പൂര്‍ണ്ണമായ സ്‌നേഹത്തിലേക്ക് വളരാന്‍ കഴിയൂ. ദൈവത്തില്‍ നിന്നാണ് എല്ലാ സ്‌നേഹങ്ങളും പുറപ്പെടേണ്ടത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതും നീ എന്നെ സ്‌നേഹിക്കുന്നതും ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നും ആ ഹൃദയം നോക്കിയുമായിരിക്കണം. അങ്ങനെയുള്ള സ്‌നേഹം പൂര്‍ണ്ണതയിലേക്ക് വളരും. എല്ലാസേവനങ്ങളിലും പൂര്‍ണ്ണ മനസ്സ് കൊടുക്കുക.

ഇന്നേ ദിവസം ചെയ്ത എല്ലാ ജോലികളെയും ഒരു നിമിഷം മനസ്സിലേക്ക് കൊണ്ടുവരിക. എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടായിരുന്നു അതിന്? എത്രത്തോളം ഹൃദയമുണ്ടായിരുന്നു അതില്‍.. ദൈവമേ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സേവിക്കാനും ആരാധിക്കാനും എനിക്കിന്നേ വരെ കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോഴെങ്കിലും പറയാതിരിക്കാനാവില്ല. ഇനി നാളെ കഴിയുമോയെന്നും അറിയില്ല എങ്കിലും പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സേവിക്കാനും സ്‌നേഹിക്കാനും കഴിയുന്ന ഒരു ദിവസം ഞാന്‍ സ്വപ്‌നം കാണുന്നു.

വിഎന്‍.