ദൈവം സഹനങ്ങളില്‍ കൂടെയുണ്ട്: കോവിഡ് മുക്തനായ ഒരു വൈദികന്‍ ഹോസ്പിറ്റല്‍ അനുഭവം പങ്കുവയ്ക്കുന്നു


ദൈവം സഹനങ്ങളില്‍ കൂടെയുണ്ട്. ആശുപത്രി എനിക്ക് ദൈവാനുഭവം നല്കിയ ഇടമായി. പറയുന്നത് മറ്റാരുമല്ല. അന്റോണിയോ പെരെസ് ഹെര്‍നാണ്ടസ് എന്ന കത്തോലിക്കാ പുരോഹിതനാണ്. കോവിഡ് 19 ബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട് അവിടെ നിന്ന് സൗഖ്യം ലഭിച്ച അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഞാന്‍ ദൈവത്തോട് ഒന്നേ പ്രാര്‍ത്ഥിച്ചുള്ളൂ. ദൈവമേ ഇവിടെ ഇതാ ഞാനുണ്ട്.ന ിനക്ക് എന്നെ വിളിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ അതായ്‌ക്കോട്ടെ. എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ ഞാന്‍ നിന്നോട് ഒന്നുമാത്രം ചോദിക്കുന്നു. എന്നെപോലെ വേദനയിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്ന എന്റെ സഹോദരങ്ങള്‍ക്ക് കൂദാശകളും ആശ്വാസവും നല്കാനുള്ള ശക്തി എനിക്ക് നല്കണം. ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമുളളവര്‍ക്കും രോഗിലേപനം നല്കാന്‍ താന്‍ ആശുപത്രിയില്‍ തയ്യാറായിരുന്നുവെന്നും അച്ചന്‍ പറയുന്നു. രോഗികളില്‍ താന്‍ യേശുവിനെയാണ് കണ്ടെതെന്നും അച്ചന്‍ പറയുന്നു. നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിനെ ആവശ്യമുണ്ട്.

നാലു രോഗികള്‍ മരിക്കുന്നതിനും അച്ചന്‍ സാക്ഷിയായി. പക്ഷേ അവര്‍ സമാധാനത്തോടെയാണ് മരിച്ചത്. അച്ചന്‍ വ്യക്തമാക്കുന്നു. രോഗവിമുക്തനായി ആശുപത്രിവിട്ടപ്പോള്‍ മറ്റ് രോഗികള്‍ അദ്ദേഹത്തോട് പറഞ്ഞത് ഇതായിരുന്നു അച്ചാ ഞങ്ങള്‍ക്ക് അച്ചനെ നഷ്ടമായതുപോലെ തോന്നുന്നു. അച്ചനുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ദൈവികസാന്നിധ്യം ലഭിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ഫാ. അന്റോണിയോ അവരോട് പറഞ്ഞത് ഇതായിരുന്നു. ഞാന്‍ പോകുന്നുവെന്നത് ശരിയാണ്. പക്ഷേ ക്രിസ്തു ഇവിടെയുണ്ട്. എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കുകയും ചെയ്യും. അവിടുന്ന് നിങ്ങളെ ഒരിക്കലും അനാഥരായി വിടുകയുമില്ല