വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ യുക്തിയെ കത്തോലിക്കര്‍ പിന്തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റുള്ളവരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ഇന്ന് ത്രികാലജപ പ്രാര്‍ത്ഥനയില്‍ സുവിശേഷഭാഗം ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
ക്രിസ്തു അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വര്‍ദ്ധിപ്പിച്ച് നല്കിയ അത്ഭുതത്തെ ആസ്പദമാക്കിയായിരുന്നു പാപ്പ വചനസന്ദേശം നല്കിയത്. നിങ്ങള്‍ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കണം എന്നായിരുന്നു ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെട്ടത്. തന്റെ സുഹൃത്തുക്കളെ ബോധവല്‍ക്കരിക്കാനാണ് ആ സന്ദര്‍ഭം ക്രിസ്തു പ്രയോജനപ്പെടുത്തിയത്.
എന്തുതരത്തിലുള്ള ലോജിക്കാണ് ക്രിസ്തു ഇവിടെ കാണിച്ചത്. മറ്റുള്ളവര്‍ക്കുവേണ്ടി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുക, അതാണ് ക്രിസ്തു ഇവിടെ വ്യക്തമാക്കിയത്. തന്റെ അധികാരം പ്രദര്‍ശിപ്പിക്കുകയല്ല ക്രിസ്തു ചെയ്തത് ചാരിറ്റിയുടെ അടയാളമായിരുന്നു അത്. ദൈവത്തിന് തന്റെ മക്കളോട് തോന്നുന്ന കാരുണ്യത്തിന്റെ അടയാളം.
ദരിദ്രരായ തന്റെ മക്കളുടെ പരിമിതികള്‍ ദൈവം മനസ്സിലാക്കുന്നു. തന്റെ മക്കളില്‍ ഒരാളും നഷ്ടപ്പെട്ടുപോകരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് അവിടുന്ന് അവരെ വചനം കൊണ്ടും അപ്പം കൊണ്ടും സമൃദ്ധമാക്കുന്നു.
മറ്റുള്ളവരുടെ സങ്കടങ്ങളിലുള്ള ആത്മാര്‍ത്ഥമായ പങ്കുചേരലാണ് അനുകമ്പയെന്നും പാപ്പ വ്യക്തമാക്കി.