മരണത്തിനൊരുങ്ങാനും പരിശീലനം നല്കണം

ഭൂരിപക്ഷവും ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വാക്കാണ് മരണം. നമുക്ക് മാത്രം ഇല്ലാത്തതും മറ്റുള്ളവര്‍ക്ക് മാത്രം ബാധകവുമാണ് അതെന്ന മട്ടാണ് മരണത്തോട് നാം വച്ചുപുലര്‍ത്തുന്നത്.
മരണത്തെക്കുറിച്ച് ഇത്തിരിയൊക്കെ ധ്യാനവും തെളിച്ചവുമൊക്കെ നമുക്കുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നൊരു തോന്നലുണ്ട്. അമിതമായ വെട്ടിപിടിക്കലുകളില്‍ നിന്നും അന്യായമായ നേട്ടങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കുറച്ചെങ്കിലും ദൂരം പാലിക്കാന്‍ അത് നമുക്ക് പ്രേരണയാകും
.നാം മര്‍ത്ത്യന്‍ ആണെന്ന് മറക്കരുത്. മര്‍ത്ത്യന്‍ എന്നാല്‍ മരണമുള്ളവന്‍ എന്നാണര്‍ത്ഥം. മരണമുള്ളവനും മരിക്കേണ്ടവനുമായ നീയും ഞാനും നീണ്ടുനില്ക്കുന്ന പകയിലും വിദ്വേഷത്തിലും വെറുപ്പിലും പുകയാതിരിക്കട്ടെ. കോപവും വെറുപ്പും വിദ്വേഷവുമൊക്കെ സ്വഭാവികമാണ്. അതുകൊണ്ടാണ് നീണ്ടുനില്ക്കുന്നത് എന്ന് പ്രത്യേകം എഴുതിയത്.

ദേഷ്യപ്പെടാതിരിക്കാനാവില്ല, കോപിക്കാതിരിക്കാനുമാവില്ല നമുക്ക്. പക്ഷേ അതൊന്നും ഒരു രാത്രിക്കപ്പുറത്തേക്ക് നീണ്ടുപോകരുത് എന്നാണല്ലോ അപ്പസ്‌തോലനും ഓര്‍മ്മിപ്പിക്കുന്നത്. അതുകൊണ്ടാണ് പറഞ്ഞത് സ്ഥിരമായ പകയും വെറുപ്പും വിദ്വേഷവും വേണ്ടെന്ന്. നിനക്ക് അര്‍ഹിക്കുന്നത് ഞാന്‍ നിഷേധിക്കുന്നതും നിനക്ക് അര്‍ഹതപ്പെട്ടത് ഞാന്‍ സ്വന്തമാക്കുന്നതും അതുപോലെ തന്നെ. എത്രയോ നിസ്സഹായരുടെയും നിഷ്‌ക്കളങ്കരുടെയും നിലവിളികള്‍ കൊണ്ട് കലൂഷിതമായതാണ് നമ്മുടെ ഈ മണ്ണ്. ഒരുകാലത്ത് പ്രതാപത്തിലും സമ്പത്തിലും മുമ്പന്തിയിലായിരുന്ന ചിലതറവാടുകള്‍ കാലക്രമേണ നാമാവശേഷമായതിന്റെ ചരിത്രമുണ്ട് മുമ്പില്‍.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അന്വേഷണം വാമൊഴിയായി പറഞ്ഞുതന്നത് കൂലിത്തൊഴിലാളികളോട് കാണിച്ച ചൂഷണവും അവഗണനയും എന്നാണ്.

വേല കൊടുക്കാതെയും പിടിച്ചുപറിച്ചും സ്വരുക്കൂട്ടിയവ അടുത്തതലമുറയായപ്പോഴേയ്ക്കും ദീവാളികുളിച്ചുകളഞ്ഞു. നവംബറില്‍ പ്രത്യേകമായി വായിക്കേണ്ട ഒരു സുവിശേഷഭാഗമാണ് സഭാപ്രസംഗകന്‍ എന്നും തോന്നിയിട്ടുണ്ട്. എല്ലാം മിഥ്യയാണെന്നും സൂര്യന് കീഴെ സമസ്തവും നിഷ്പ്രയോജനകരവുമാണെന്നാണ് സഭാപ്രസംഗകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഭൗതികനേട്ടങ്ങള്‍ ശാശ്വതമായ ഒരു സമാധാനവും നമുക്ക് തരുന്നില്ല.
ഈ കുറിപ്പ് എഴുതുന്നതിനിടയിലാണ് വിദേശത്തുള്ള ഒരു സുഹൃത്ത് ഫോണ്‍ ചെയ്തത്. പ്രായം കൊണ്ട് ഇളയവനാണ്. സെമിനാരിയില്‍ നിന്നു പോയി വിവാഹിതനായി ഇപ്പോള്‍ വിദേശത്ത് സകുടുംബം താമസിക്കുന്നു. സമ്പദ്‌സമൃദ്ധിയിലും. പക്ഷേ രാത്രിയില്‍ ഉറക്കം കിട്ടാതെ കിടന്നപ്പോള്‍ എന്തോ ഓര്‍മ്മവന്നതുപോലെ എന്നെ ഫോണ്‍ ചെയ്ത് പലതും പറഞ്ഞുവന്നതിന്റെ കൂട്ടത്തില്‍ അവന്‍ പറഞ്ഞത് ഇതാണ്.

‘എല്ലാം മീനിങ്ങ്‌ലസ് ആയി തോന്നുന്നു ചേട്ടായി. ഒരുകാലത്ത് കൊതിയോടെ കണ്ടിരുന്നവ പലതും ഇപ്പോള്‍ നിര്‍വികാരമായി അനുഭവപ്പെടുന്നു. സിസ്റ്റെന്‍ ചാപ്പലിലെ മനോഹരമായ ചിത്രങ്ങള്‍ ചെന്നുകാണണമെന്നും സ്‌പെയ്ന്‍ മുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്നുമായിരുന്നു കൗമാരകാലത്തെ ആഗ്രഹം. ഇപ്പോള്‍ രണ്ടാഗ്രഹങ്ങളും എളുപ്പത്തില്‍ സാധിച്ചുകിട്ടും എന്ന് ഉറപ്പായപ്പോള്‍ അവയോട് പോലും മടുപ്പ് തോന്നുന്നു. അടുത്ത നിമിഷം ഞാന്‍ എന്തായിത്തീരുമെന്ന് എനിക്ക് തന്നെ ഉറപ്പില്ലാത്തവിധം ഞാന്‍ ഡിപ്രസഡാകുന്നു.’ വിദേശവാസമോ സുഖജീവിതമോ ഒന്നുമല്ല ജീവിതത്തിന് അര്‍ത്ഥം നല്കുന്നത്. ഭാര്യയും മക്കളുമാണോ അതുമല്ല. പേരും പെരുമയുമാണോ അതുമല്ല. എല്ലാം നേടുമ്പോഴും നമ്മുടെയുള്ളിന്റെയുള്ളില്‍ ഒരു ശൂന്യതയുണ്ട്. ഒരു പക്ഷേ മരണം കൊണ്ട് മാത്രം പരിഹരിക്കാവുന്ന ശൂന്യത. ആത്യന്തികമായി നാം ഭൗതികമായ യാതൊന്നും കൊണ്ടുപോകുന്നില്ല. ലോകം മുഴുവന്‍ കീഴടക്കിയവര്‍ പോലും വെറും കൈയോടെ കടന്നുപോയ ഒരു ലോകമാണ് ഇത്. ശവമഞ്ചത്തിന് വെളിയിലേക്ക് രണ്ടു കൈകളും ഇട്ട് കടന്നുപോയ മഹാരഥന്മാരുടെ ലോകം. അര്‍ത്ഥശൂന്യതയുടെ അനാവരണമാണ് ഇവിടെ സംഭവിച്ചത്.

അധികം വെട്ടിപിടിക്കണ്ടാ.. ഇത്തിരിയൊക്കെ വിട്ടുകൊടുക്കാന്‍ പഠിക്കുകയും വേണം. പക്ഷേ അത്ഭുതപ്പെടുത്തുന്നത് പ്രായമേറും തോറും മനുഷ്യന്‍ കാണിക്കുന്ന ആഗ്രഹമാണ്. അതൊരു അത്യാര്‍ത്തി പോലുമാണോയെന്ന് സംശയമുണ്ട്. രോഗങ്ങളും വേദനകളും ഇല്ലാതിരിക്കുകയും ഇഷ്ടപ്രകാരം ചെയ്തുതരാന്‍ ആളുകള്‍ അടുത്തുണ്ടായിരിക്കുകയും താന്‍ വിചാരിക്കുന്നതുപോലെ എല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയും നൂറുവര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍. അവര്‍ക്ക് ആഗ്രഹ്ഹങ്ങള്‍ കുറയുന്നതേയില്ല, കൂടുന്നതല്ലാതെ. ഇത് എല്ലാ മനുഷ്യന്റെയും സഹജമായ പ്രവണതയായിരിക്കാം. വാര്ദ്ധക്യത്തോട് അടുക്കും തോറും ജീവിതാസക്തി വര്‍ദ്ധിക്കുന്നത് ദയനീയതയാണ്.ഇനി മരണം മാത്രമേ മുമ്പിലുള്ളൂ എന്ന തിരിച്ചറിവുകൊണ്ടാണോ അവര്‍ ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നത്? മരിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് മനസ്സിലാവുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഒരു കളിയിലേര്‍പ്പെട്ടിരിക്കുകയാണ് വൃദ്ധരെല്ലാം.

ഏറെ വര്‍ഷങ്ങള്‍ ജീവിച്ചതുകൊണ്ടൊന്നുമല്ല നമ്മുടെയൊക്കെ ജീവിതങ്ങള്‍ മഹത്തരമാകുന്നത്. അടുത്തയിടെ ഏറെ പോപ്പുലറായ വാഴ്ത്തപ്പെട്ട കാര്‌ലോ അക്യൂട്ടിസിന്റെ ജീവിതം തന്നെ നോക്കൂ. പതിനഞ്ചോ പതിനാറോ വയസുകൊണ്ട് ജീവിതം തീര്‍ന്നു. പക്ഷേ അര്‍ത്ഥപൂര്‍ണ്ണമായ ജീവിതമായിരുന്നു അവന്റേതെന്ന് സഭ നമ്മോട് പറയുന്നു. അതുപോലെ തന്നെ അടുത്തദിവസങ്ങളില്‍ ധന്യന്‍ മാറ്റിയോ ഫരീനയുടെ ജീവിതത്തിലുടെയും കടന്നുപോയിരുന്നു. പത്തൊമ്പതുവയസില്‍ ജീവിതം ആഘോഷിച്ച് കടന്നുപോയവന്‍. ഇവരാരും ഭൗതികമായി ഒന്നും നേടിയവരായിരുന്നില്ല. ‘മരിക്കുന്നതോര്‍ത്ത് ഭയപ്പെടരുത് സന്തോഷിക്കുക മാത്രം ചെയ്യുക കാരണം നമുക്ക് എത്രയും വേഗം ദൈവത്തെ കാണാമല്ലോ ‘എന്ന ചിന്തയായിരുന്നു ഫരീന പുലര്‍ത്തിയിരുന്നത്.
മരണം സൗഭാഗ്യകരവും സന്തോഷപ്രദവുമായ അനുഭവമായി മാറുന്നത് മരണത്തിനപ്പുറം ദൈവത്തെ ക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടാണ്. അതുകൊണ്ട്‌നാം ഇഹലോകത്തിലെ പല കാര്യങ്ങളെക്കുറിച്ചും ആകുലരാകുമ്പോള്‍ തന്നെ മരണത്തെക്കുറിച്ചുകൂടി ഇടയ്ക്ക് ചിന്തിക്കണം. ഞാനെങ്ങനെ മരിക്കും.. മരണശേഷം എന്റെ വിധി എന്താകും. സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഒരാളും ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എവിടെയായിരിക്കും എന്ന് ഓര്‍മ്മിക്കുന്നതേയില്ല.

മരണത്തെക്കുറിച്ചുള്ള നേരിയ ഒരു ചിന്തയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ നാം ഇത്രത്തോളം ക്രൂരരും നന്ദികെട്ടവരും സ്‌നേഹശൂന്യരുമായി മാറില്ലായിരുന്നു. ഇത്രമാത്രം അത്യാര്‍ത്തി പണത്തോടും പണ്ടത്തോടും നാം വച്ചുപുലര്‍ത്തുകയുമില്ലായിരുന്നു. തൊണ്ടക്കുഴിയില്‍ അനക്കം തീര്‍ന്നാല്‍ തീരുന്നതേയുള്ളൂ എല്ലാം.ഒരുപക്ഷേ കോവിഡ് പോലെയുള്ള മഹാമാരിയുടെ ഒരു കാലം നമുക്ക് മുന്നിലേക്ക് വച്ചുനീട്ടുന്ന ഒരോര്‍മ്മപ്പെടുത്തലും അതുതന്നെയാവാം. അതുപോലെ അത്യാഗ്രഹം പിടിച്ച് ഒന്നും സമ്പാദിക്കുകയും വേണ്ട. അത്യാഗ്രഹം പിടിച്ച് പലതും അന്യായമായി നേടിയതിലൂടെ പുലിവാലുപിടിച്ചതിന്റെ വാര്‍ത്തകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എത്രനാള്‍ ഇതെല്ലാം അനുഭവിക്കും? സ്വര്‍ണ്ണവും ലഹരിമരുന്നും ഭൂമിയും ആയുധക്കച്ചവടത്തിലെ ലാഭവും ഒന്നും പരലോകത്തിലേക്കുള്ള യാത്രയിലെ ടിക്കറ്റ് മൂല്യങ്ങളല്ല. വിവാഹത്തിനും പൗരോഹിത്യത്തിനും ഒക്കെ പരിശീലനം നല്കുന്നതുപോലെ നല്ലതുപോലെ മരിക്കുന്നതിനും നാം വ്യക്തികള്‍ക്ക് പരിശീലനം നല്‌കേണ്ട ഒരു കാലം കൂടിയാണ് ഇതെന്ന ചിന്ത കൂടിയുണ്ട്. മരണാസന്നരായവരെ മരണത്തിനൊരുക്കുന്നതുപോലെയുള്ളവ മാത്രമല്ല ആരോഗ്യത്തോടെയും പ്രതാപത്തോടെയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ലരീതിയില്‍ എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം കൊടുത്തുതുടങ്ങുക. നല്ലൊരു ജീവിതസംസ്‌കാരം നല്ലൊരു മരണത്തിനും കാരണമാകും. എങ്ങനെ മരിക്കണം എന്നതനുസരിച്ചുഎങ്ങനെയുള്ളജീവിതം നയിക്കണം എന്ന മട്ടിലുള്ള പരിശീലനമായിരിക്കണം നാം നല്‌കേണ്ടത്. ക്രിസ്തീയ മൂല്യങ്ങളുടെ പകര്‍ന്നുകൊടുക്കല്‍. അതിന് സഭയും ഒരു പരിധിവരെ മെറ്റീരിയലിസ്റ്റിക് ആറ്റിറ്റിയൂഡില്‍ നിന്ന് അകന്നുനില്‌ക്കേണ്ടതുമുണ്ട്.

എനിക്കൊരു നല്ല മരണം നല്കണേയെന്നും സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ സാധിക്കണേയെന്നുമുള്ള പ്രാര്‍ത്ഥനയുണ്ടെനിക്ക്. എന്നുകരുതി ഞാന്‍ എന്റെ ആസക്തികളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുജീവിക്കുകയാണെന്നോ ഏതുനിമിഷവും മരണത്തിനൊരുങ്ങാന്‍ മാത്രം ശുദ്ധമായ ജീവിതമാണോ നയിക്കുന്നതെന്നോ അര്‍തഥമില്ല. എന്റെ ആസക്തികളും ജഡികപ്രവണതകളും അതായി തന്നെ നിലനില്ക്കുമ്പോഴും ദൈവത്തിന്റെ കൃപ എന്നെ നല്ലൊരു മരണത്തിന് വഴിയൊരുക്കും എന്നാണ് എന്റെ പ്രതീക്ഷ.

നല്ല കള്ളന്റെ രക്ഷ പോലെ ജീവിതത്തിലെ അവസാന നിമിഷങ്ങളില്‍ ഞാന്‍ റാങ്ക് ഹോള്‍ഡറായേക്കുമെന്നുള്ള പ്രതീക്ഷ കൊണ്ടാണ് അങ്ങനെ പറയുന്നത്. ഇത് പക്ഷേ ഒരു തരം എസ്‌ക്കേപ്പിസമാണോ എന്നും അറിയില്ല. ദൈവം എന്നെ വിധിക്കട്ടെ.
വിനായക് നിര്‍മ്മല്‍