മംഗളവാര്‍ത്തക്കാലം
എട്ടാം ദിവസം
മറിയം പറഞ്ഞു, എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു….. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേയ്ക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.( ലൂക്ക 1; 46-55)
മഹത്വം കാംക്ഷിക്കുന്നവരാണ് മര്‍ത്യരെല്ലാവരും; സ്വന്തം മഹത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ്‌സ്വന്തം പേരു എഴുതിവയ്ക്കണമെന്ന ശാഠ്യങ്ങള്‍ക്ക് പിന്നിലുളളതും മഹത്വം തേടലാണ്. പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്നവയ്ക്ക് പോലും തന്റെ വികസനഫണ്ടില്‍ നിന്ന് എന്ന മട്ടില്‍ പേരു ചേര്‍ക്കണമെന്ന രാഷ്ട്രീയക്കാരുടെ ആഗ്രഹം നോക്കൂ.അവര്‍ തങ്ങളുടെ മഹത്വം പ്രഘോഷിക്കുന്നതിന്റെ മറ്റൊരു മാര്‍ഗ്ഗമാണ് അത്. ഇതിനൊക്കെ പുറമെയാണ് മറ്റുള്ളവരുടെ മഹത്വം കൂടി സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നവര്‍.
പക്ഷേ മറിയത്തിലെത്തുമ്പോള്‍ മനുഷ്യരുടെ ഈ പൊതുപ്രവണത തല കീഴായി മറിയുന്നത് നാം കാണുന്നു. അവള്‍ ജീവിതത്തിലുടനീളം എല്ലാറ്റിന്റെയും മഹത്വം ദൈവത്തിന് കൊടുക്കുകയാണ്. അന്ന്് കാനായിലെ കല്യാണ വീട്ടിലെ അത്ഭുതത്തിന് വഴിയൊരുക്കി മാറിനില്ക്കുമ്പോഴും പിന്നീട് കുരിശിന്‍ചുവട്ടില്‍ നില്ക്കുമ്പോഴും എല്ലാം അവള്‍ ദൈവത്തെ മഹത്വപ്പെടുത്തുക തന്നെയായിരുന്നു.സന്തോഷങ്ങളില്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍, അല്ലെങ്കില്‍ മഹത്വം ദൈവത്തിനാണെന്ന് പറയാനെങ്കിലും ചിലര്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ വിലാപങ്ങളുടെ സന്ധ്യയിലോ.. കാരണം സന്തോഷത്തെ ദൈവാനുഗ്രഹമെന്ന മട്ടില്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ തിക്താനുഭവങ്ങളെയോ.. അത്രയധികം വെളിച്ചമുള്ള ഒരാള്‍ക്ക് മാത്രമേ അത് സാധിക്കൂ. മറിയത്തെ പോലെ…
നിന്റെ ജീവിതത്തിലെ സങ്കടങ്ങളിലും സന്താപങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്താന്‍ നിനക്ക് കഴിയുന്നുണ്ടോ.. അത്തരമൊരു ആത്മവിചാരത്തിനെങ്കിലും മറിയത്തിന്റെ സ്‌തോത്രഗീതം നമുക്ക് പ്രചോദനമാകട്ടെ.
വിഎന്‍