ഹാഗിയ സോഫിയ മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും പ്രാര്‍ത്ഥനാലയമായി മാറ്റണമെന്ന് പാത്രിയാര്‍ക്കയുടെ നിര്‍ദ്ദേശം

ഇസ്താംബൂള്‍: ഹാഗിയ സോഫിയ ഇനിമുതല്‍ മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും പ്രാര്‍തഥനാലയമായി മാറ്റണമെന്ന നിര്‍ദ്ദേശവുമായി കോണ്‍സ്റ്റാന്റിനോപ്പിളിലെ അര്‍മേനിയന്‍ പാത്രിയാര്‍ക്ക. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ 85 വര്‍ഷമായി മ്യൂസിയമായി ഉപയോഗിച്ചുവരികയായിരുന്നു ഈ മുന്‍ ബസിലിക്ക. രണ്ടുമതവിഭാഗങ്ങള്‍ക്കും ഒന്നുപോലെ പ്രാര്‍ത്ഥിക്കാനുള്ള ഇടമായി ബസിലിക്കയെ മാറ്റണമെന്നാണ് പാത്രിയാര്‍ക്ക സഹക്ക് രണ്ടാമന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകം നമ്മുടെ സമാധാനത്തെയും പക്വതയെയും അഭിനന്ദിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

പാത്രിയാര്‍ക്കയുടെ ഈ നിര്‍ദ്ദേശം വരുന്നതിന് മുമ്പ് തുര്‍ക്കിയിലെ 73 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പ്രാര്‍ത്ഥനാലയമായി മാറ്റണമെന്നാണ്. തുര്‍ക്കിയില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്.

ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഹാഗിയ സോഫിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇരിപ്പിടമാണ്.