ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാകുന്നു

ഇസ്താംബൂള്‍:തുര്‍ക്കിയിലെ ചരിത്രസ്മാരകമായ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കായി മാറുന്നു. ഒരു കാലത്ത് ക്രൈസ്തവ ദേവാലയവും പിന്നീട് മോസ്‌ക്കും ആയി മാറിയ ഹാഗിയ സോഫിയ അടുത്തകാലം വരെ മ്യൂസിയമായി നിലനിന്നുപോരുകയായിരുന്നു.

എന്നാല്‍ കോടതിവിധിയനുസരിച്ച് ഹാഗിയ സോഫിയായെ മോസ്‌ക്കായി മാറ്റാനാണ് ഇപ്പോള്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈസൈന്റയിന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ആണ് ഹാഗിയ സോഫിയ നിര്‍മ്മിച്ചത്. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായിരുന്ന അത് പിന്നീട് ഓട്ടോമന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് മോസ്‌ക്കായി മാറിയിരുന്നു.

1985 ല്‍ യുനെസ്‌ക്കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റിലും ഇടം പിടിച്ചിരുന്നു. 1935 മുതല്ക്കാണ് മ്യൂസിയമായി മാറ്റി വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ആധുനികതുര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫ കേമലിന്റെ കാലത്തായിരുന്നു ഇങ്ങനെയൊരു തീരുമാനമെടുത്തത്.

മ്യൂസിയമെന്ന നിലയില്‍ ഹാഗിയ സോഫിയ സംവാദത്തിന്റെയും വിവിധ സംസ്‌കാരങ്ങളുടെ സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാണെന്നും എന്നാല്‍ ഇപ്പോഴത്തെ തീരുമാനം വിവേകരഹിതവും ദോഷകരവുമാണെന്നും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്ക ബര്‍ത്തലോമിയ പ്രതികരിച്ചു.